ബീഹാറിലെ ഷെയ്ഖ്പുരയിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ഞായറാഴ്ച ബിജെപി നേതാവായ സുരേന്ദ്ര കെവാത്ത് ആണ് കൊല്ലപ്പെട്ടത്. സുരേന്ദ്രയ്ക്ക് നേരേബൈക്കിലെത്തിയ രണ്ടുപേരാണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. സുരേന്ദ്ര വെടിയേറ്റ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പ്രതികൾ കൃത്യം നടത്തിയശേഷം രക്ഷപ്പെട്ടതായും ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് പറഞ്ഞു.
ബിഹാറിൽ വ്യവസായിയായ ഗോപാൽ ഖേംകെയുടെ കൊലപാതകത്തിന് പിന്നാലെ ഏറെ വിവാദങ്ങൾ നിലനിൽക്കെയാണ് ഒരു ബിജെപി നേതാവ് കൂടി വെടിയേറ്റ് കൊല്ലപ്പെട്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നത്. ബിഹാറിലെ പ്രമുഖ വ്യവസായിയായ ഗോപാൽ ഖേംക പട്നയിൽ ജൂലായ് 4 നാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ബിഹാറിലെ നിതീഷ് കുമാർ ഈ സംഭവത്തിൽ സർക്കാരിനെതിരേ ആർജെഡി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. ബിഹാറിൽ ദിവസങ്ങൾക്ക് മുൻപ് ഒരുകുടുംബത്തിലെ 5 പേരെ ചുട്ടുകൊന്ന സംഭവമുണ്ടായി.
സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്, ബിജെപി നേതാവിൻ്റെ കൊലപാതകത്തിന് പിന്നാലെ വീണ്ടും രംഗത്തെത്തി. ‘പട്നയിൽ ഇപ്പോൾ ഒരു ബിജെപി നേതാവ് വെടിയേറ്റ് മരിച്ചിരിക്കുന്നു. എന്ത് പറയാനാണ്, ആരോട് പറയാനാണ്? സത്യം കേൾക്കാനോ തെറ്റുകൾ അംഗീകരിക്കാനോ തയ്യാറുള്ള ആരെങ്കിലും എൻഡിഎ സർക്കാരിലുണ്ടോ?”, അദ്ദേഹം സാമൂഹികമാധ്യമത്തിൽ കുറിച്ചു.