ബെംഗളൂരുവിൽ മുൻ കാമുകിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. നടൻ ദർശൻ ഉൾപ്പെട്ട രേണുകാ സ്വാമി കൊലക്കേസ് മാതൃകയാക്കിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. 10 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഈ ക്രൂരകൃത്യത്തിന്‍റെ വീഡിയോ പ്രതികളിലൊരാൾ ചിത്രീകരിക്കുകയും ചെയ്തു.

അക്രമികൾ കുശാൽ എന്ന യുവാവിനെയാണ് ക്രൂരമായി മർദിച്ചത്. തുടര്‍ന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റി സ്വകാര്യ ഭാഗങ്ങളിൽ മർദ്ദിക്കുകയും ചെയ്യുന്ന സംഭവം വീഡിയോയിലുണ്ട്. മർദ്ദനത്തിനിടയിൽ രേണുകാ സ്വാമി കൊലക്കേസ് ഓര്‍മിപ്പിച്ച്, സമാന അനുഭവം നേരിടേണ്ടിവരുമെന്ന് ആക്രമികളിലൊരാൾ ഭീഷണിപ്പെടുത്തുന്നതും, ഇത് പറഞ്ഞ് ചിരിക്കുന്നതും വീഡിയോയിൽ ഉണ്ട്.

കുശാൽ പൊലീസ് പറയുന്നതനുസരിച്ച്, ഒരു കോളേജ് വിദ്യാർത്ഥിനിയുമായി 2 വർഷം പ്രണയത്തിലായിരുന്നു. എന്നാൽ ഏതാനും മാസങ്ങൾക്ക് മുൻപ് ഇവർ വേർപിരിഞ്ഞു. പിന്നീട് യുവതി മറ്റൊരാളുമായി ബന്ധത്തിലായി. രോഷാകുലനായ കുശാൽ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു. ഇതിന്‍റെ പ്രതികാരമായാണ് യുവതിയും അവളുടെ കാമുകനും സുഹൃത്തുക്കളും ചേർന്നാണ് ആക്രമണം ആസൂത്രണം ചെയ്തത്.

കുശാലിനെ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കുശാലിനെ പ്രതികൾ കാറിൽ തട്ടിക്കൊണ്ടുപോയി ഒരു തടാകത്തിനടുത്തുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഈ കേസിൽ ഇതുവരെ 8 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Related Posts