ഗായകൻ സോനു നിഗമിൻ്റെ കന്നഡവികാരം വ്രണപ്പെടുത്തിയെന്ന കേസിലെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു. ബെംഗളൂരു പോലീസ് രജിസ്റ്റർചെയ്ത കേസ് തള്ളണമെന്നാവശ്യപ്പെട്ട് സോനു നിഗം നൽകിയ ഹർജിയിൽ ജസ്റ്റിസ് ശിവശങ്കർ അമരണ്ണനവരുടേതാണ് നടപടി. അന്വേഷണവുമായി സഹകരിച്ചാൽ അറസ്റ്റുപോലുള്ള നടപടികൾ സ്വീകരിക്കില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ഇനി കേസ് പരിഗണിക്കുന്നതുവരെ അന്വേഷണത്തിൻ്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് കോടതി തടഞ്ഞു. സോനു നിഗം മൊഴി രേഖപ്പെടുത്താൻ പോലീസിൽ നേരിട്ടു ഹാജരാകേണ്ടതില്ല. വീഡിയോ കോൺഫറൻസ് വഴി മൊഴിനൽകാം. നേരിട്ട് മൊഴി രേഖപ്പെടുത്തണമെങ്കിൽ സമൻസയച്ച് വിളിച്ചുവരുത്തുന്നതിനു പകരം പോലീസ് ഗായകൻ്റെ അടുക്കലേക്ക് പോകണം.
സോനു നിഗം അതിനുള്ള ചെലവ് വഹിക്കണം. ആവലഹള്ളി പോലീസാണ് മേയ് 3 ന് ഗായകൻ്റെ പേരിൽ കേസെടുത്തത്. കർണാടക രക്ഷണ വേദികെ ബെംഗളൂരു സിറ്റി ജില്ലാ അധ്യക്ഷൻ ടി.എ. ധർമരാജ് നൽകിയ പരാതിയിലാണ് കേസ്. ഏപ്രിൽ 25-ന് ആവലഹള്ളിയിലെ വിർഗൊണഹള്ളിയിലുള്ള സ്വകാര്യ കോളേജിൽ നടത്തിയ സംഗീതപരിപാടിക്കിടെ സോനു നിഗം നടത്തിയ പ്രസ്താവനയുടെ പേരിലായിരുന്നു പരാതി.
കന്നഡഗാനം പാടാൻ ഏതാനും വിദ്യാർഥികൾ ആവശ്യപ്പെട്ടപ്പോൾ, ‘‘കന്നഡ, കന്നഡ, ഇതാണ് പഹൽഗാം സംഭവിക്കുന്നതിന്റെ കാരണം’’ എന്നദ്ദേഹം പ്രതികരിച്ചതാണ് കേസിനിടയാക്കിയത്.