ഗുണ്ടാ തലവനും തീവ്ര ഹിന്ദുത്വ പ്രവർത്തകനുമായ സുഹാസ് ഷെട്ടി വധക്കേസിൽ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് 3 പേരെ കൂടി അറസ്റ്റു ചെയ്തു. അസറുദ്ദീൻ എന്ന അസർ എന്ന അജ്ജു (29), അബ്ദുൽ ഖാദർ എന്ന നൗഫൽ (24), ചോട്ടെ നൗഷാദ് എന്ന വാമഞ്ചൂർ നൗഷാദ് (39) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 11 ആയി.
സൂറത്ത്കൽ, പണമ്പൂർ, മുൽക്കി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത് 3 മോഷണ കേസുകളിൽ അസറുദ്ദിനെതിരെ നേരത്തേ കേസെടുത്തിട്ടുണ്ട്. ഷെട്ടിയുടെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മറ്റു പ്രതികൾക്ക് നൽകുകയും കൊലപാതകത്തിന് സഹായിക്കുകയും ചെയ്തു എന്നാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം. കൊലപാതകത്തിന് ശേഷം പ്രതികൾ കാറിൽ രക്ഷപ്പെടാൻ ഖാദർ സഹായിച്ചതായി പൊലീസ് പറഞ്ഞു.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതിനും മറ്റുള്ളവരുമായി ഗൂഢാലോചന നടത്തിയതിനുമാണ് നൗഷാദിനെതിരെ കേസെടുത്തത്. ഗൂഢാലോചന, കൊലപാതകം, കൊലപാതകശ്രമം, കവർച്ച എന്നിവയുൾപ്പെടെ 6 ക്രിമിനൽ കേസുകൾ ദക്ഷിണ കന്നടയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഖാദറിനെയും നൗഷാദിനെയും കൂടുതൽ അന്വേഷണത്തിനായി 7 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അസറുദ്ദിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഈ മാസം 1 ന് മംഗളൂരു നഗരത്തിലെ ബാജ്പെ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സുഹാസ് കൊല്ലപ്പെട്ടത്.