ചാലയിലെ സ്വർണക്കവർച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്വർണ ഇടപാട് സംഘമാണ് കവർച്ച ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. നന്ദകുമാറിനെ സാമ്പത്തികമായി തകർക്കാൻ പദ്ധതിയിട്ടത് മഹാരാഷ്ട്ര സ്വദേശിയായ അമുലാണെന്നും പൊലീസ് പറയുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള അനിലിനെയും അമുൽ കവർച്ചാ പദ്ധതിയിൽ ഒപ്പം കൂട്ടുകയായിരുന്നു.
നന്ദകുമാർ കടയിൽനിന്ന് ഇറങ്ങുന്ന സമയം മോഷ്ടാക്കൾക്ക് കൈമാറിയത് അമുലാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. രേഖകളില്ലാത്ത സ്വർണമായതിനാൽ പരാതിയുണ്ടാകില്ലെന്ന് ഇയാൾ കരുതിയിരുന്നു. കവർച്ച ചെയ്യുന്ന സ്വർണം പങ്കിട്ടെടുക്കാമെന്ന ധാരണയിലായിരുന്നു പ്രതികൾ. കവർച്ചയ്ക്കായി അമുൽ സാമ്പത്തിക സഹായവും നൽകിയിരുന്നു.
ശനിയാഴ്ച രാത്രിയോടെ അമുൽ ഉൾപ്പെടെ ആറുപേരെ പൊലീസ് പിടികൂടി. അമുലിനെയും മറ്റൊരു പ്രതിയെയും തിരുവനന്തപുരത്തുനിന്നും നാലുപേരെ വയനാട് ലക്കിടിയിൽനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ചാലയിൽ പൊലീസ് പരിശോധന നടത്തിയപ്പോഴും ഒന്നുമറിയാത്തതുപോലെ അമുൽ പൊലീസിനൊപ്പം ഉണ്ടായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കവർച്ചയ്ക്കുശേഷം പ്രതികൾ ബൈക്കിൽ തിരുവനന്തപുരത്തുനിന്ന് തമിഴ്നാട് അതിർത്തിവരെ സഞ്ചരിച്ചു. പിന്നീട് ബൈക്ക് ഉപേക്ഷിച്ച് കാറിൽ യാത്ര തുടർന്നു. കാർ ബെംഗളൂരുവിലെ ടോൾ പ്ലാസ കടന്നതോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പ്രതികളെ പിന്തുടർന്ന അന്വേഷണ സംഘം ശനിയാഴ്ച ഉച്ചയോടെ മൈസൂരിലെത്തി. അന്നുതന്നെ വൈകിട്ടോടെ സംഘം കേരളത്തിലെത്തുകയും ചെയ്തു.
ഹോണ്ട CB 350 ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. ബൈക്കിൻ്റെ ഉടമ അനിലാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ഇതിലൂടെ പ്രതികൾ രക്ഷപ്പെട്ട വഴിയും മറ്റ് പ്രതികളിലേക്കുള്ള സൂചനകളും ലഭിച്ചു.
പ്രതികളിൽനിന്ന് 450 ഗ്രാം സ്വർണമാണ് പൊലീസ് പിടിച്ചെടുത്തത്. യഥാർഥത്തിൽ എത്രത്തോളം സ്വർണം കവർന്നുവെന്നത് കണ്ടെത്തേണ്ടതുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.
വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു ചാലയിൽ കവർച്ച നടന്നത്. വർഷങ്ങളായി ചാലയിൽ സ്വർണക്കട നടത്തിവരുന്ന മഹാരാഷ്ട്ര സ്വദേശിയായ നന്ദകുമാർ കടയടച്ച് വീട്ടിലേക്ക് പോകാനിറങ്ങിയപ്പോഴാണ് ബൈക്കിലെത്തിയ സംഘം സ്വർണം തട്ടിപ്പറിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ബൈക്കിലെത്തിയ ഒരാൾ സ്വർണവുമായി കടന്നുകളയുന്നതും പിന്നീട് രണ്ടുപേർ ബൈക്കിൽ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
പ്യൂരിഫൈ ചെയ്യുന്നതിനായി മറ്റ് കടക്കാർ ഏൽപ്പിച്ച സ്വർണമാണ് കവർന്നതെന്ന് നന്ദകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. നാലോ അഞ്ചോ കടകളിലെ സ്വർണം ഇതിൽ ഉൾപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.