ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തിരഞ്ഞെടുപ്പിൽ പ്രസിഡണ്ട് പി.ടി. ഉഷയ്ക്ക് ആശ്വാസം. ഐഒഎ ജനറൽ കൗൺസിലിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ സമർപ്പിച്ച പ്രതിനിധികളുടെ പട്ടിക തിരഞ്ഞെടുപ്പ് ഓഫീസർ അംഗീകരിച്ചു. ഐസ് ഹോക്കി അസോസിയേഷൻ്റെ പ്രതിനിധിയായി പി.ടി. ഉഷയെ നാമനിർദേശം ചെയ്തതിനെതിരെ സംഘടനയിലെ ഒരു വിഭാഗം നൽകിയ പരാതി തിരഞ്ഞെടുപ്പ് ഓഫീസർ തള്ളി.

ഐസ് ഹോക്കി അസോസിയേഷൻ ഭാരവാഹികൾ നൽകിയ വിശദീകരണവും ഹാജരാക്കിയ രേഖകളും പരിശോധിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം. അസോസിയേഷൻ്റെ കേരള ഘടകത്തിൽ പി.ടി. ഉഷയ്ക്ക് അംഗത്വവും വൈസ് പ്രസിഡണ്ട് സ്ഥാനവും ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഭാരവാഹികൾ സമർപ്പിച്ചത്.

ഡിസംബർ അഞ്ചിന് നടക്കുന്ന ഐഒഎ എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പിനുള്ള താൽക്കാലിക വോട്ടർ പട്ടികയിൽ വനിതാ പ്രതിനിധിയായാണ് ഉഷയുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. ഐസ് ഹോക്കി ഭരണരംഗത്ത് ഉഷയ്ക്കുള്ള പങ്കിനെക്കുറിച്ച് സംഘടനയ്ക്കുള്ളിൽ ചോദ്യങ്ങൾ ഉയർന്നതോടെയാണ് അസോസിയേഷൻ രേഖകൾ ഹാജരാക്കിയത്.

2023 ജൂലൈ 12നാണ് പി.ടി. ഉഷ ഐസ് ഹോക്കി അസോസിയേഷൻ്റെ കേരള ഘടകത്തിൽ അംഗമായത്. അതേ വർഷം ഡിസംബറിൽ ഘടകത്തിൻ്റെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 2023 ഡിസംബർ മുതൽ 2027 വരെയാണ് കാലാവധി.

2015ൽ രൂപീകരിച്ച കേരള ഘടകത്തിന് 2016 ഏപ്രിൽ ഒന്നിനാണ് ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചത്.

തിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനത്തോടെ ഐഒഎ തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയുടെ പ്രതിനിധിത്വം സംബന്ധിച്ച തർക്കത്തിന് താൽക്കാലിക വിരാമമായിരിക്കുകയാണ്.

Related Posts