നഗരത്തിലെ ഹരിതമേഖലകളും ജൈവവൈവിധ്യവും സംരക്ഷിക്കണമെന്ന സന്ദേശവുമായി ഹെബ്ബാൾ തടാകക്കരയിൽ കുട്ടികളുടെ വേറിട്ട പ്രതിഷേധം. നിർദിഷ്ട ഹെബ്ബാൾ ഷോർട്ട് ടണൽ റോഡ് പദ്ധതിയുടെ ഭാഗമായി മരങ്ങൾ വെട്ടിമാറ്റാനുള്ള നീക്കത്തിനെതിരെയാണ് കുട്ടികൾ പ്രാണികളുടെ വേഷം ധരിച്ച് രംഗത്തെത്തിയത്. ശലഭങ്ങൾ, ഉറുമ്പുകൾ, പുൽച്ചാടികൾ, ചിലന്തികൾ, പ്രെയിങ് മാന്റിസ് തുടങ്ങിയ ചെറുജീവികളുടെ വേഷത്തിലാണ് എട്ടു മുതൽ 13 വയസ്സുവരെയുള്ള കുട്ടികൾ പ്രതിഷേധത്തിൽ പങ്കെടുത്തത്.
ശിശുദിനാഘോഷങ്ങളുടെ മുന്നോടിയായി വടക്കൻ ബെംഗളൂരുവിലെ പ്രകൃതി വിദ്യാഭ്യാസ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ബോധവത്കരണ പരിപാടി. തടാകത്തിൻ്റെ പരിസ്ഥിതി പ്രാധാന്യവും നഗരവികസനത്തിൻ്റെ പേരിൽ പ്രകൃതിവിഭവങ്ങൾ നഷ്ടപ്പെടുന്നതിൻ്റെ പ്രത്യാഘാതങ്ങളും പൊതുജനങ്ങളിലെത്തിക്കുകയായിരുന്നു ലക്ഷ്യം.
‘നിങ്ങൾ ഞങ്ങളെ പരിഗണിക്കുന്നുണ്ടോ?’ എന്ന ചോദ്യമുയർത്തുന്ന പ്ലക്കാർഡുകളുമായാണ് കുട്ടികൾ എത്തിയത്. തടാകത്തിലെത്തുന്ന ദേശാടനപ്പക്ഷികളെ നിരീക്ഷിക്കുകയും പ്രദേശത്തെ ജൈവവൈവിധ്യം നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി മുറിച്ചുമാറ്റാൻ അടയാളപ്പെടുത്തിയ മരങ്ങളും കുട്ടികൾ സന്ദർശിച്ചു.
ഏകദേശം 150 ഏക്കർ വിസ്തൃതിയുള്ള ഹെബ്ബാൾ തടാകത്തിൽ 183 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ടെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ കണക്ക്. ഇതിൽ 50ഓളം ഇനങ്ങൾ ജലപക്ഷികളാണ്. തടാകവും പരിസരത്തെ ഹരിതമേഖലകളും നിരവധി ചെറുജീവികളുടെയും പക്ഷികളുടെയും ആവാസകേന്ദ്രമാണ്.
ഹെബ്ബാൾ ഷോർട്ട് ടണൽ പദ്ധതിക്കായി 1,128 മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരുമെന്നാണ് സംഘാടകരുടെ ആശങ്ക. തടാകത്തിന് ചുറ്റുമുള്ള പച്ചപ്പും മരങ്ങളും ഇല്ലാതാകുന്നത് പക്ഷികളുടെ ആവാസവ്യവസ്ഥയെയും നഗരത്തിലെ ജൈവവൈവിധ്യത്തെയും ബാധിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ചെറുപ്രാണികൾക്കുള്ള പങ്കും കുട്ടികൾ പരിപാടിയിലൂടെ വിശദീകരിച്ചു. സസ്യങ്ങളുടെ പരാഗണത്തിന് സഹായിക്കുക, മണ്ണിൻ്റെ ഫലഭൂയിഷ്ഠത നിലനിർത്തുക, ജൈവാവശിഷ്ടങ്ങൾ വിഘടിപ്പിക്കുക, പക്ഷികൾ ഉൾപ്പെടെയുള്ള ജീവികളുടെ ഭക്ഷ്യശൃംഖലയുടെ ഭാഗമാകുക തുടങ്ങിയവയാണ് ഇവയുടെ പ്രധാന ധർമങ്ങൾ. എന്നാൽ നഗരവികസനത്തിൻ്റെ ഭാഗമായി സ്വാഭാവിക ആവാസകേന്ദ്രങ്ങൾ ഇല്ലാതാകുമ്പോൾ ആദ്യം ബാധിക്കപ്പെടുന്നത് ഇത്തരം ചെറുജീവികളാണെന്നും സംഘാടകർ ചൂണ്ടിക്കാട്ടി.
പരിപാടിയുമായി ബന്ധപ്പെട്ട കലാകാരിയും വിദ്യാഭ്യാസ പ്രവർത്തകയുമായ ആശ എസ്. നഗരത്തിൻ്റെ വികസനപദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ കുട്ടികളുടെ ഭാവിയും പ്രകൃതിയുമായുള്ള അവരുടെ ബന്ധവും വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. ‘മരങ്ങൾ വെട്ടിയാൽ നമുക്ക് എങ്ങനെ ശ്വസിക്കാനാകും?’, ‘ഈ മരങ്ങൾ ഞങ്ങളുടേതുമാണ്’ തുടങ്ങിയ ആശങ്കകളാണ് കുട്ടികൾ പങ്കുവെച്ചത്.
ഹെബ്ബാൾ തടാകവും പരിസരത്തെ ഹരിത ഇടനാഴിയും സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കുട്ടികളുടെ ഈ വേറിട്ട പ്രതിഷേധം ശ്രദ്ധേയമാകുന്നത്. നഗരവികസനവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ഉറപ്പാക്കണമെന്ന സന്ദേശമാണ് പരിപാടി മുന്നോട്ടുവച്ചത്.