പ്രശസ്ത സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു. കുടുംബസമേതം യാത്ര ചെയ്യുന്നതിനിടെ മാർത്താണ്ഡത്ത് വെച്ച് ട്രെയിനിൽനിന്ന് കാൽവഴുതി വീണാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരളശബ്ദം, നാന സിനിമാ വാരിക തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ ദീർഘകാലം ഫോട്ടോഗ്രാഫറായി പ്രവർത്തിച്ച വ്യക്തിയായിരുന്നു കൊല്ലം മോഹൻ. മലയാള സിനിമാരംഗത്തെ നിരവധി പ്രമുഖരുടെയും സിനിമകളുടെയും ഓർമകളെ ക്യാമറയിൽ പകർത്തിയ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകളാണ് നൽകിയിട്ടുള്ളത്.
പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ്റെ മതിലുകൾ, മുഖാമുഖം, അനന്തരം തുടങ്ങിയ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിലെ ശ്രദ്ധേയമായ ദൃശ്യങ്ങൾ പകർത്തിയതിലൂടെ സിനിമാ ഫോട്ടോഗ്രഫി രംഗത്ത് സ്വന്തമായ ഇടം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഫോട്ടോഗ്രാഫിക്ക് പുറമെ അഭിനയരംഗത്തും അദ്ദേഹം സാന്നിധ്യമറിയിച്ചിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന സിനിമയിൽ ചെറിയൊരു വേഷത്തിലും അഭിനയിച്ചിട്ടുണ്ട്.