മൈസൂരു റോഡിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന രണ്ട് യുവതികൾ ട്രക്കിടിച്ച് മരിച്ചു. ദീപാഞ്ജലിനഗർ മെട്രോ സ്റ്റേഷന് സമീപം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയായിരുന്നു ദാരുണമായ അപകടം. നവംബർ 16ന് വിവാഹം നടക്കാനിരുന്ന സിന്ധുശ്രീ (27), ബന്ധുവായ വിദ്യ (19) എന്നിവരാണ് മരിച്ചത്. വിവാഹത്തിനുള്ള ക്ഷണക്കത്തുകൾ ബന്ധുക്കൾക്ക് വിതരണം ചെയ്യുന്നതിനായി കത്രിഗുപ്പയിലേക്ക് പോകുകയായിരുന്നു ഇരുവരും. സിന്ധുശ്രീയായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. അമ്മായിയുടെ മകളായ വിദ്യ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു.

മൈസൂരു ദിശയിലേക്ക് പോവുകയായിരുന്ന രാജസ്ഥാൻ രജിസ്ട്രേഷനുള്ള ട്രക്ക് പിന്നിൽനിന്ന് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതികളുടെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങി. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

അപകടത്തിന് പിന്നാലെ ട്രക്ക് നിർത്തി ഡ്രൈവർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബ്യാടരായണപുര ട്രാഫിക് പൊലീസ് ട്രക്ക് കസ്റ്റഡിയിലെടുത്തു. സിന്ധുശ്രീയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ട്. അപകടത്തിൻ്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

മണ്ഡ്യ ജില്ലയിലെ നാഗമംഗള താലൂക്കിലായിരുന്നു സിന്ധുശ്രീയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. നവംബർ 15ന് വിവാഹസൽക്കാരവും നടത്താൻ തീരുമാനിച്ചിരുന്നു. വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെയുണ്ടായ അപകടം കുടുംബത്തെ കടുത്ത ദുഃഖത്തിലാഴ്ത്തി. വിദ്യ പ്രീ-യൂണിവേഴ്സിറ്റി കോഴ്സ് പൂർത്തിയാക്കിയിരുന്നു.

Related Posts