പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവംബർ 13-ലെ ബെംഗളൂരു സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രധാനമന്ത്രി സന്ദർശിക്കുന്ന മൂന്ന് കേന്ദ്രങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ താൽക്കാലിക നിരോധന മേഖല പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് ബന്നാർഘട്ട റോഡ്, ജയനഗർ, തിലക് നഗർ, ഹുളിമാവ്, തളഘട്ടപുര തുടങ്ങിയ മേഖലകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രധാന നിയന്ത്രണങ്ങൾ:
- മാരേനഹള്ളി മെയിൻ റോഡിൽനിന്ന് ജയദേവ ആശുപത്രി ജംഗ്ഷനിലേക്കുള്ള ഗതാഗതം വി.ഐ.പി യാത്രാസമയത്ത് തടയും.
- ഈസ്റ്റ് എൻഡ് ജംഗ്ഷനിൽനിന്ന് സ്വാഗത് ജംഗ്ഷൻ വഴി ബന്നാർഘട്ട റോഡിലേക്കുള്ള ഗതാഗതത്തിനും നിയന്ത്രണമുണ്ടാകും.
- അഞ്ജനപുര 80 അടി റോഡിൽനിന്ന് ബന്നാർഘട്ട റോഡിലേക്കുള്ള വാഹനഗതാഗതം നിരോധിക്കും.
- ഗൊട്ടിഗെരെ തടാകത്തിന് സമീപവും കനറാ ബാങ്ക് ഭാഗത്തും ലയോള സ്കൂളിന് സമീപവുമുള്ള ചില റോഡുകളിലും നിയന്ത്രണങ്ങളുണ്ടാകും.
- ബന്നാർഘട്ട റോഡിൽനിന്ന് അരകെരെ, ബിലേക്കഹള്ളി, മൈക്കോ ലേഔട്ട്, ഡയറി സർക്കിൾ ഭാഗങ്ങളിലേക്കുള്ള ഗതാഗതത്തിനും താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തും.
പകരം ഉപയോഗിക്കാവുന്ന റോഡുകൾ - ബനശങ്കരിയിൽനിന്ന് സ്പോക്ക് ബെഡ് ഭാഗത്തേക്ക് പോകുന്നവർക്ക് രാഗിഗുഡ്ഡ ഡബിൾ ഡെക്കർ റോഡ് ഉപയോഗിക്കാം
- ഗൊട്ടിഗെരെ ഭാഗത്തുനിന്നുള്ളവർ ബിക്കെ സർക്കിൾ, ജാംബൂസവാരിദിന്നെ, ഭൈരപ്പ സർക്കിൾ, ഗ്ലാസ് ഫാക്ടറി, ഹരിനഗർ ക്രോസ് വഴി കനകപുര റോഡിലെത്തണം.
- ഹുളിമാവ് ഭാഗത്തുനിന്ന് നഗരത്തിലേക്ക് പോകുന്നവർക്ക് എസ്.കെ. പാളയ, ബേഗൂർ-കൊപ്പ റോഡ്, ഹൊസൂർ റോഡ്, നൈസ് റോഡ് തുടങ്ങിയവ വഴിയുള്ള ബദൽ യാത്രാമാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്.
പാർക്കിങ്ങിനും നിയന്ത്രണം
ജയനഗർ രണ്ടാം ഘട്ടത്തിലെ എട്ടാം മെയിൻ റോഡ്, ഡോളേഴ്സ് ജംഗ്ഷൻ മുതൽ ബന്നാർഘട്ട റോഡ് വരെയുള്ള 15-ാം ക്രോസ് റോഡ്, മാരേനഹള്ളി മെയിൻ റോഡ്, ഈസ്റ്റ് എൻഡ് മെയിൻ റോഡ്, സ്വാഗത് മെയിൻ റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ വാഹന പാർക്കിങ്ങിനും നിയന്ത്രണമുണ്ടാകും.
പൊതുജനങ്ങൾക്ക് പൊലീസിൻ്റെ നിർദേശം
നവംബർ 13-ന് ഈ മേഖലകളിലൂടെ യാത്ര ചെയ്യുന്നവർ ഗതാഗത നിയന്ത്രണങ്ങൾ മുൻകൂട്ടി മനസ്സിലാക്കി യാത്ര ക്രമീകരിക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കുകയും കഴിയുന്നത്ര നമ്മ മെട്രോ ഉപയോഗിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
വി.ഐ.പി യാത്രയുടെ സമയത്ത് ഗതാഗത നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ സാധ്യതയുള്ളതിനാൽ ഓഫീസുകളിലേക്കും ആശുപത്രികളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി പോകുന്നവർ യാത്രയ്ക്ക് കൂടുതൽ സമയം മാറ്റിവെക്കണമെന്നും നിർദേശമുണ്ട്.