രാജ്യത്ത് ഉയർന്ന മൂല്യമുള്ള 500, 2000 രൂപ നോട്ടുകൾ പിൻവലിക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. വലിയ മൂല്യമുള്ള കറൻസി നോട്ടുകൾ ഒഴിവാക്കുന്നത് അഴിമതിയുടെ ശൃംഖല തകർക്കാൻ സഹായിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ വിലയിരുത്തൽ. ഡിജിറ്റൽ കറൻസിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉയർന്ന മൂല്യമുള്ള നോട്ടുകളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനാകുമെന്ന് നായിഡു ചൂണ്ടിക്കാട്ടി. ഇതുവഴി സമ്പത്ത് സൃഷ്ടിക്കുന്നതിനും ദാരിദ്ര്യനിർമാർജനത്തിനും കൂടുതൽ അനുകൂല സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കുന്നതിനായി നിർദേശങ്ങൾ സമർപ്പിച്ചത് താനാണെന്നും നായിഡു വെളിപ്പെടുത്തി. ഈ വിഷയം നേരത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇപ്പോൾ വീണ്ടും ഇക്കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

500, 1000, 2000 രൂപ നോട്ടുകൾ ഒഴിവാക്കി 100, 200 രൂപ നോട്ടുകൾ മാത്രം പ്രചാരത്തിൽ നിലനിർത്തണമെന്നാണ് നായിഡുവിൻ്റെ നിർദേശം. സാങ്കേതികവിദ്യ ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞാൽ അഴിമതി നിയന്ത്രിക്കുന്നതിനൊപ്പം സാമ്പത്തിക വളർച്ചയും ദാരിദ്ര്യനിർമാർജനവും എളുപ്പമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ തലങ്ങളിലെ സംവിധാനങ്ങളിലുള്ള പോരായ്മകളാണ് അഴിമതി തുടർന്നുപോകാൻ കാരണമാകുന്നതെന്നും ഈ സാഹചര്യം മാറ്റാൻ ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാക്കണമെന്നും ആന്ധ്ര മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related Posts