ഹെബ്ബാൾ–മെക്രി ജങ്ഷൻ എലിവേറ്റഡ് കോറിഡോർ നിർമാണം ആരംഭിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന ആശങ്കയിൽ യാത്രക്കാർക്ക് ആശ്വാസവുമായി ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ). നിർമാണത്തിൻ്റെ ഭാഗമായി ഹെബ്ബാൾ ഫ്ലൈഓവറും ബല്ലാരി റോഡും തുടർച്ചയായി 18 മാസത്തേക്ക് പൂർണമായി അടച്ചിടില്ലെന്ന് ബിഡിഎയും ട്രാഫിക് പൊലീസ് അധികൃതരും വ്യക്തമാക്കി.
നിർമാണം പുരോഗമിക്കുന്നതിനനുസരിച്ച് നിയന്ത്രിത ഗതാഗത ക്രമീകരണങ്ങളും ഘട്ടംഘട്ടമായുള്ള വഴിതിരിച്ചുവിടലുകളും മാത്രമായിരിക്കും നടപ്പാക്കുക. നിലവിലുള്ള റോഡിൽ ഇരുവശത്തേക്കും മൂന്ന് ലെയിനുകൾ വീതമാണുള്ളത്. നിർമാണത്തിനായി ഏകദേശം 4.5 മീറ്റർ വീതിയിൽ മാത്രമായിരിക്കും ബാരിക്കേഡുകൾ സ്ഥാപിക്കുക. ഇതോടെ ഓരോ ദിശയിലും ഒരു ലെയിനിനെ മാത്രമേ നിർമാണം ബാധിക്കൂ. ശേഷിക്കുന്ന രണ്ട് ലെയിനുകളിലൂടെയും സർവീസ് റോഡിലൂടെയും വാഹനഗതാഗതം തുടരുമെന്ന് ബിഡിഎ ചെയർമാൻ എൻ.എ. ഹാരിസ് അറിയിച്ചു.
ശനിയാഴ്ച നിർമാണ മേഖല സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച അന്തിമ ക്രമീകരണങ്ങൾ ട്രാഫിക് പൊലീസുമായി ചേർന്ന് തയ്യാറാക്കിവരികയാണ്. നിലവിലെ വാഹനത്തിരക്ക്, പൊതുഗതാഗത ആവശ്യങ്ങൾ, യാത്രക്കാരുടെ സൗകര്യം എന്നിവ പരിഗണിച്ചായിരിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.
ബദൽ റോഡുകളിലെ കുഴികളും മറ്റ് തടസ്സങ്ങളും ആദ്യം പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണി, റോഡ് മാർക്കിങ്ങുകൾ, ദിശാസൂചന ബോർഡുകൾ എന്നിവ ഒരുക്കിയശേഷം മാത്രമേ വഴിതിരിച്ചുവിടൽ നടപ്പാക്കൂ. ബിഡിഎ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ), ബെംഗളൂരു ട്രാഫിക് പൊലീസ് എന്നിവർ സംയുക്തമായാണ് ക്രമീകരണങ്ങൾ നടത്തുന്നത്.
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വടക്കൻ ബെംഗളൂരുവിലേക്കും കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുമുള്ള യാത്ര സുഗമമാക്കുന്നതിനുമായി വിഭാവനം ചെയ്ത വലിയ ടണൽ–എലിവേറ്റഡ് കോറിഡോർ പദ്ധതിയുടെ ഭാഗമാണ് ഈ നിർമാണം.
നിർമാണ കാലയളവിൽ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകുമെങ്കിലും യാത്രക്കാർക്കുള്ള ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഹാരിസ് പറഞ്ഞു. പദ്ധതിയുടെ ദീർഘകാല പ്രയോജനം കണക്കിലെടുത്ത് പൊതുജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.