ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് നവംബർ 10ന് സന്ദർശകർക്കായി തുറന്നുപ്രവർത്തിക്കും. ബെംഗളൂരുവിലെയും സമീപ പ്രദേശങ്ങളിലെയും കുടുംബങ്ങൾക്ക് അവധിദിനം ആഘോഷിക്കാൻ അവസരമൊരുക്കുന്നതിൻ്റെ ഭാഗമായാണ് പ്രത്യേക ക്രമീകരണം.
പാർക്കിലെ മൃഗശാല, വന്യമൃഗ സഫാരി, ചിത്രശലഭ പാർക്ക് എന്നിവ സന്ദർശകർക്ക് പ്രയോജനപ്പെടുത്താം. കടുവ, സിംഹം, പുള്ളിപ്പുലി, കരടി തുടങ്ങിയ വന്യമൃഗങ്ങളെ അടുത്തറിയാൻ സഫാരിയിലൂടെ അവസരമുണ്ട്. വിവിധയിനം ചിത്രശലഭങ്ങളെ നിരീക്ഷിക്കാനുള്ള സൗകര്യവും ചിത്രശലഭ പാർക്കിലുണ്ട്.
മൃഗശാല രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചുവരെയും സഫാരി രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെയും പ്രവർത്തിക്കും. ചിത്രശലഭ പാർക്കും രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചുവരെയാണ് തുറന്നുപ്രവർത്തിക്കുന്നത്.
തിരക്കൊഴിവാക്കുന്നതിനും സഫാരി ടിക്കറ്റുകൾ ഉറപ്പാക്കുന്നതിനും ഓൺലൈനായി മുൻകൂട്ടി ടിക്കറ്റെടുക്കാം. സഫാരി ടിക്കറ്റുകൾ പരിമിതമായതിനാൽ നേരത്തേ ബുക്ക് ചെയ്യുന്നതാണ് ഉചിതം.
ഓൺലൈൻ ടിക്കറ്റ്: bannerughattabiopark.org