പാൽ, അരി ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതോടെ ബെംഗളൂരുവിലെ ഹോട്ടലുകളിൽ ഭക്ഷണവില 10 മുതൽ 15 ശതമാനം വരെ കൂട്ടി. ചായ, കാപ്പി എന്നിവയ്ക്കു പുറമെ ഇഡ്ഡലി, ദോശ തുടങ്ങിയ നിത്യഭക്ഷണങ്ങൾക്കും വില വർധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ അരിവില കിലോയ്ക്ക് 65 രൂപയിൽനിന്ന് 95 രൂപവരെയായി ഉയർന്നതായി ബ്രുഹത് ബെംഗളൂരു ഹോട്ടലിയേഴ്സ് അസോസിയേഷൻ (ബി.ബി.എച്ച്.എ) പ്രതിനിധി പി.സി. റാവു പറഞ്ഞു. പരിപ്പ്, പാൽ, തൈര് എന്നിവയുടെ വില വർധനയും ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നഷ്ടം ഒഴിവാക്കാൻ വില വർധന അനിവാര്യമായെന്നാണ് ഹോട്ടലുടമകളുടെ വിശദീകരണം.
മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ ആരംഭിച്ചതിനുശേഷം തുടർച്ചയായി വിലക്കയറ്റമുണ്ടാകുന്നതായും ഇതിന്റെ ഭാരം പൂർണമായും ഹോട്ടലുകൾക്ക് താങ്ങാനാകില്ലെന്നും വടക്കൻ ബെംഗളൂരുവിലെ ഹോട്ടലുടമ മഹേഷ് കെ. പറഞ്ഞു.
എന്നാൽ ഉപഭോക്താക്കൾക്കുള്ള അധികഭാരം കുറയ്ക്കാൻ ചില ഹോട്ടലുകൾ ചായയുടെയും കാപ്പിയുടെയും വില മാത്രമാണ് വർധിപ്പിച്ചിരിക്കുന്നത്. തൈരിൻ്റെ പുതുക്കിയ വില സംബന്ധിച്ച് കർണാടക മിൽക്ക് ഫെഡറേഷൻ്റെ (കെ.എം.എഫ്) തീരുമാനം കാത്തിരിക്കുന്ന ഹോട്ടലുകളുമുണ്ട്. അരിവില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുമോയെന്നതും തുടർവില വർധനയെ സ്വാധീനിക്കും.
അതേസമയം, വിലവർധന അമിതമാണെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. ഒരു ലിറ്റർ പാലിന് എട്ട് രൂപ കൂടിയതിൻ്റെ പേരിൽ ഓരോ കപ്പ് ചായയ്ക്കും അഞ്ച് രൂപ വർധിപ്പിക്കുന്നത് ന്യായമല്ലെന്നാണ് ഇവരുടെ വാദം. നിലവിൽ ചായയ്ക്കും കാപ്പിക്കും ശരാശരി മൂന്ന് മുതൽ അഞ്ച് രൂപവരെയാണ് വർധിപ്പിച്ചത്. നേരത്തെ 100 രൂപയായിരുന്ന ഒരു ദോശയ്ക്ക് ഇപ്പോൾ 110 മുതൽ 115 രൂപവരെയാണ് ഈടാക്കുന്നത്. മറ്റു വിഭവങ്ങളുടെ വിലവർധന ഹോട്ടലുകൾക്കനുസരിച്ച് വ്യത്യാസപ്പെടും