ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. (കെഐഎ). 41 ദശലക്ഷത്തിലധികം യാത്രക്കാരണ് 2024-25 സാമ്പത്തിക വർഷത്തിൽ ഈ വിമാനത്താവളം യാത്രക്കായി തെരഞ്ഞെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് യാത്രക്കാരുടെയും കാർഗോയുടെയും എണ്ണത്തിലും വർദ്ധനവ് രേഖപെടുത്തിയിട്ടുണ്ട്.
2024-25 സാമ്പത്തിക വർഷത്തിൽ 5 ലക്ഷം മെട്രിക് ടൺ കാർഗോ ഈ വിമാനത്താവളം വഴി കടന്നുപോയിട്ടുണ്ട്. കൂടാതെ മുൻ വർഷത്തേക്കാളും യാത്രക്കാരുടെ എണ്ണത്തിൽ 9.5 ശതമാനത്തിൻ്റെ വർധനവും ഉണ്ടായിട്ടുണ്ട്. ഇന്ത്യക്കുള്ളിൽ യാത്ര ചെയ്യാനാണ് കൂടുതൽ ആളുകളും ഈ വിമാനത്താവളം തെരഞ്ഞെടുത്തിരിക്കുന്നത്. ഈ സാമ്പത്തിക വർഷം യാത്ര ചെയ്ത മൊത്തം യാത്രക്കാരിൽ ഏകദേശം 36.05 ദശലക്ഷം യാത്രക്കാർ ആഭ്യന്തര യാത്രകൾ നടത്തിയവരാണ്.
ഇത് മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിലും വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്, ഏകദേശം 5.83 ദശലക്ഷം ആളുകൾ യാത്ര ചെയ്തിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 25 ശതമാനത്തിൻ്റെ വർധനവ് ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഇൻഡിഗോയുടെ അന്താരാഷ്ട്ര സർവീസുകൾ വിപുലീകരിച്ചത് വിമാനത്താവളത്തിൻ്റെ വളർച്ചയെ സഹായിച്ചിട്ടുണ്ട്.