ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് ഉൾപ്പെടെ ആറുപേർ മരിച്ചു. അപകടത്തിൽപ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി ചമോലി ജില്ലാ പോലീസ് മേധാവി സുർജിത് സിങ് പൻവാർ അറിയിച്ചു.

പൈലറ്റ് ഹിമാൻഷു സബർവാൾ (48), യാത്രക്കാരായ പ്രതാപ് (41), അരുൺ സലൂങ്കേ (44), ശങ്കർ ഗൗഡ (39), സുധീർ കെ. (49), എച്ച്.എസ്. നടരാജ് (51) എന്നിവരാണ് മരിച്ചത്. പൈലറ്റ് ഡൽഹിയിലെ ഷാലിമാർ ബാഗ് സ്വദേശിയാണ്. യാത്രക്കാർ ബെംഗളൂരു സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. അരുൺ സൈനിക ഉദ്യോഗസ്ഥനും ശങ്കർ അഭിഭാഷകനുമായിരുന്നു.

ട്രാൻസ് ഭാരത് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലികോപ്റ്റർ ബദരീനാഥിൽനിന്ന് ഡെറാഡൂണിലേക്ക് പുറപ്പെട്ടത് ഉച്ചയ്ക്ക് 1.14-നായിരുന്നു. ജോഷിമഠ് താഴ്വരയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഹെലികോപ്റ്റർ തകർന്നുവീണതായി കണ്ടെത്തിയത്.

വിവരമറിഞ്ഞ് സൈന്യം, സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡിആർഎഫ്), പോലീസ് എന്നിവരുടെ സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും തുടർനടപടികളും നടത്തി. അപകടത്തിൻ്റെ കാരണം വ്യക്തമല്ല.

Related Posts