ട്രെയിനിലെ ശുചിമുറികളിൽ വെള്ളമില്ലാത്തതിനെ തുടർന്ന് യാത്ര പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന 24 അംഗ കുടുംബത്തിന് അനുകൂലമായി ശിവമൊഗ്ഗ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ്റെ വിധി. യാത്രക്കാരന് 15,000 രൂപ നഷ്ടപരിഹാരവും നിയമനടപടികൾക്കുള്ള ചെലവും കൂടാതെ ടിക്കറ്റ് തുകയും പലിശയോടെ തിരികെ നൽകാൻ ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതരോട് കമ്മീഷൻ നിർദേശിച്ചു. ഒക്ടോബർ 23നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ശിവമൊഗ്ഗയിലെ ബസവനഗുഡി സ്വദേശിയായ നാഗേന്ദ്രയാണ് പരാതിക്കാരൻ. 23 കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കുമൊപ്പം യാത്ര ചെയ്ത ഇദ്ദേഹം യശ്വന്ത്പുരിൽനിന്ന് ശിവമൊഗ്ഗയിലേക്ക് പോകാൻ 6675-ാം നമ്പർ ട്രെയിനിൽ 1,000 രൂപയുടെ ജനറൽ ടിക്കറ്റുകളാണ് എടുത്തിരുന്നത്. എന്നാൽ യാത്രയ്ക്കിടെ ട്രെയിനിലെ ശുചിമുറികളിൽ വെള്ളമില്ലെന്ന് കണ്ടെത്തി.
വെള്ളമില്ലാത്തതിനെക്കുറിച്ച് തുമകൂരു റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററോട് പരാതി അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നാണ് നാഗേന്ദ്രയുടെ പരാതി. തുടർന്ന് കുടുംബം തുമകൂരുവിൽ ഇറങ്ങി മറ്റൊരു എക്സ്പ്രസ് ട്രെയിനിൽ യാത്ര തുടരാൻ നിർബന്ധിതരായി. ഇതിനായി 1,760 രൂപ അധികമായി ചെലവഴിച്ച് ടിക്കറ്റെടുക്കേണ്ടിവന്നു. ആദ്യ ടിക്കറ്റ് തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ അധികൃതർക്ക് നോട്ടീസ് അയച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. ഇതോടെയാണ് സേവനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി നാഗേന്ദ്ര ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
കമ്മീഷൻ പ്രസിഡണ്ട് ടി.ശിവണ്ണയും അംഗം ബി.ഡി.യോഗാനന്ദ ഭാണ്ഡ്യയും ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. യാത്രക്കാരന് ഉണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് 10,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ നിയമനടപടികളുടെ ചെലവായും നൽകാൻ ഉത്തരവിട്ടു.
കൂടാതെ, യഥാർഥ ടിക്കറ്റ് തുകയായ 1,000 രൂപയ്ക്ക് 2025 ഏപ്രിൽ 15 മുതൽ വാർഷികം ആറു ശതമാനം പലിശയും നൽകണം. ഉത്തരവ് നടപ്പാക്കാൻ 45 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. സമയപരിധിക്കുള്ളിൽ തുക നൽകാത്തപക്ഷം ബാധകമായ തുകയ്ക്ക് പലിശ നിരക്ക് വാർഷികം 10 ശതമാനമായി ഉയരുമെന്നും കമ്മീഷൻ വ്യക്തമാക്കി. ട്രെയിനുകളിൽ യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ട റെയിൽവേയുടെ ഉത്തരവാദിത്വം വീണ്ടും ചർച്ചയാക്കുന്നതാണ് ഈ വിധി.