തമിഴ് സിനിമയിലെ ശ്രദ്ധേയ സംഗീതസംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ‘തേൻസൈ തെൻട്രൽ’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. രാവിലെ 8.30ഓടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സൂര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ.
ദേവനേശൻ ചൊക്കലിംഗം എന്നാണ് യഥാർഥ പേര്. 1950 നവംബർ 20ന് ജനിച്ച ദേവ, തമിഴ് സിനിമയിലെ നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ്. തനതായ നാടൻ ഈണങ്ങളിലൂടെയും ഗ്രാമീണ സംഗീതശൈലിയിലൂടെയും ശ്രദ്ധേയനായ അദ്ദേഹം ചെന്നൈയുടെ തനത് ‘ഗാന’ സംഗീതത്തെ മുഖ്യധാരാ സിനിമയിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
1980കളുടെ അവസാനത്തിലും 1990കളുടെ തുടക്കത്തിലുമാണ് ദേവ തമിഴ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. ‘അണ്ണാമലൈ’, ‘ബാഷ’, ‘ആസൈ’, ‘കാതൽ കോട്ടൈ’, ‘നേർക്കു നേർ’, ‘നിനൈത്തേൻ വന്തായ്’, ‘വാലി’, ‘ഖുഷി’ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് സംഗീതം പകർന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലായി നൂറുകണക്കിന് ചിത്രങ്ങൾക്ക് അദ്ദേഹം ഈണമൊരുക്കിയിട്ടുണ്ട്.
തമിഴ്നാട് സർക്കാരിൻ്റെ ‘കലൈമാമണി’ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ദേവയെ തേടിയെത്തി. ‘ആസൈ’ എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. സൂപ്പർതാര ചിത്രങ്ങളിലൂടെയും പ്രമുഖ സംവിധായകരുമായുള്ള കൂട്ടുകെട്ടിലൂടെയും ദക്ഷിണേന്ത്യൻ സംഗീതാസ്വാദകരുടെ മനസ്സിൽ ഇടം നേടിയ ദേവയുടെ വിയോഗം തമിഴ് സിനിമാ സംഗീതലോകത്തിന് വലിയ നഷ്ടമാണ്.