നമ്മ മെട്രോയുടെ വരാനിരിക്കുന്ന പിങ്ക് ലൈൻ പാതയിൽ 36 പോരായ്മകൾ കണ്ടെത്തി റെയിൽവേ സുരക്ഷാ കമ്മീഷണർ (CMRS). കലേന അഗ്രഹാര–തവരെക്കരെ പാതയിൽ നടത്തിയ പരിശോധനയിലാണ് അഗ്നിസുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത, ലിഫ്റ്റുകളുടെ തകരാറുകൾ, വൈദ്യുത എർത്തിങ് കണക്ഷനുകളിലെ തകരാറുകൾ, ട്രെയിൻ പരീക്ഷണവുമായി ബന്ധപ്പെട്ട പരിഹരിക്കാത്ത പ്രശ്നങ്ങൾ തുടങ്ങിയവ കണ്ടെത്തിയത്.
ഒക്ടോബർ 6 മുതൽ 8 വരെ നടന്ന ഔദ്യോഗിക പരിശോധനയ്ക്കുശേഷം, ഒക്ടോബർ 9-ന് ദക്ഷിണ മേഖലാ റെയിൽവേ സുരക്ഷാ കമ്മീഷണർ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷന് (BMRCL) കത്തയച്ചു. കണ്ടെത്തിയ പോരായ്മകൾ പരിഹരിച്ചതിൻ്റെ റിപ്പോർട്ടും ആവശ്യമായ അധിക സാങ്കേതിക രേഖകളും സമർപ്പിക്കണമെന്നാണ് നിർദേശം.
യാത്രക്കാർക്കായി പാത തുറന്നുകൊടുക്കുന്നതിനുള്ള അനുമതി ലഭിക്കാൻ ഈ നടപടികൾ പൂർത്തിയാക്കണം. അതേസമയം, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ നിരീക്ഷണങ്ങൾ പരിഹരിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് മെട്രോ അധികൃതർ. പോരായ്മകൾ പരിഹരിച്ച് സുരക്ഷാ അനുമതി ലഭിച്ചശേഷമേ പിങ്ക് ലൈൻ പാതയിൽ യാത്രാസർവീസ് ആരംഭിക്കാനാകൂ.