ആശുപത്രികളും മറ്റ് ക്ലിനിക്കൽ സ്ഥാപനങ്ങളും ചികിത്സാ നിരക്കുകൾ ഇംഗ്ലീഷിലും അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയിലും പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. ചികിത്സയ്ക്കു മുൻപുതന്നെ ചെലവുകളെക്കുറിച്ച് രോഗികൾക്കും ബന്ധുക്കൾക്കും വ്യക്തമായ ധാരണ ലഭ്യമാക്കുകയും ആരോഗ്യരംഗത്തെ സാമ്പത്തിക സുതാര്യത ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
ആശുപത്രികളിൽ ചികിത്സാ നടപടികൾ, വിവിധ സേവനങ്ങൾ, പരിശോധനകൾ എന്നിവയുടെ നിരക്കുകൾ രോഗികൾക്ക് എളുപ്പത്തിൽ കാണാനും മനസ്സിലാക്കാനും കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കേണ്ടിവരും. പ്രാദേശിക ഭാഷയിൽ വിവരങ്ങൾ ലഭ്യമാകുന്നത് ഇംഗ്ലീഷ് അറിയാത്ത രോഗികൾക്കും ചികിത്സാച്ചെലവുകൾ മനസ്സിലാക്കാൻ സഹായിക്കും.