ഡീപ്‌ഫേക്ക് വീഡിയോകൾ ഉപയോഗിച്ച് പ്രചരിപ്പിച്ച നിക്ഷേപ അവസരത്തിൽ വിശ്വസിച്ച് ബെംഗളൂരു സ്വദേശിയായ 39കാരന് 7.66 ലക്ഷം രൂപ നഷ്ടമായതായി പരാതി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, സുധാ മൂർത്തി, അനന്ത് അംബാനി എന്നിവരുടെ ഡീപ്‌ഫേക്ക് വീഡിയോകളാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്നാണ് പരാതി.

മഹാലക്ഷ്മി ലേഔട്ട് സ്വദേശിയായ യുവാവ് ജൂലൈ 10ന് ഫേസ്ബുക്കിലൂടെയാണ് വീഡിയോകൾ കണ്ടത്. പ്രമുഖർ ഓൺലൈൻ നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു വീഡിയോകൾ. വീഡിയോയിൽ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവ് നിക്ഷേപം ആരംഭിക്കുന്നതിനായി ആദ്യം 22,000 രൂപ കൈമാറി.

തുടർന്ന് +44 യുകെ കൺട്രി കോഡുള്ള അഞ്ച് വ്യത്യസ്ത നമ്പറുകളിൽ നിന്ന് യുവാവിന് ഫോൺ കോളുകൾ ലഭിച്ചു. ‘വൺ ടു മാർക്കറ്റ്സ്’ എന്ന കമ്പനിയുടെ പ്രതിനിധികളാണെന്ന് പരിചയപ്പെടുത്തിയ സംഘം ഫോറെക്സ് ട്രേഡിങ്ങിൽ നിക്ഷേപിച്ചാൽ ഉയർന്ന വരുമാനം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു. യുവാവിൻ്റെ പേരിൽ വ്യാജ ഫോറെക്സ് ട്രേഡിങ് അക്കൗണ്ട് സൃഷ്ടിച്ച സംഘം പണം കൈമാറുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകി.

ജൂലൈ 10 മുതൽ 22 വരെ പലതവണയായി യുവാവ് ഏകദേശം 7.6 ലക്ഷം രൂപ കൂടി കൈമാറി. നിക്ഷേപത്തിൽ ലാഭം ലഭിക്കുന്നുണ്ടെന്ന് വിശ്വസിച്ചായിരുന്നു പണം കൈമാറിയത്. എന്നാൽ പിന്നീട് തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കൂടുതൽ പണം നിക്ഷേപിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. ഇതോടെ തട്ടിപ്പാണെന്ന് സംശയിച്ച യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.

സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.

Related Posts