കർണാടകയിൽ വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ വധൂവരന്മാരുടെ പ്രായം തെളിയിക്കാൻ ഇനി ആധാർ കാർഡ് മാത്രം മതിയാകില്ല. ജനന സർട്ടിഫിക്കറ്റോ സ്കൂൾ സർട്ടിഫിക്കറ്റോ ആണ് പ്രായം തെളിയിക്കുന്നതിനായി രജിസ്ട്രേഷൻ വകുപ്പ് പരിഗണിക്കുക. ഇതുസംബന്ധിച്ച് വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി.
ജനന, സ്കൂൾ സർട്ടിഫിക്കറ്റുകൾ ലഭ്യമല്ലാത്തവർ പ്രായം തെളിയിക്കുന്നതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും. ആധാർ കാർഡിലെയും ജനന സർട്ടിഫിക്കറ്റിലെയും ജനനത്തീയതിയിൽ വ്യത്യാസം കാണുന്ന കേസുകൾ വർധിച്ചതിനെ തുടർന്നാണ് പുതിയ നിർദേശം. ബാലവിവാഹം നടത്തുന്നതിനായി പ്രായപൂർത്തിയായതായി കാണിക്കാൻ ചില രക്ഷിതാക്കൾ ആധാർ കാർഡിലെ ജനനത്തീയതി തിരുത്തുന്നതായി ബാലാവകാശ പ്രവർത്തകർ നേരത്തെ ആരോപിച്ചിരുന്നു. കൊപ്പാൾ, റായ്ച്ചൂർ ജില്ലകളിൽ സമാന സംഭവങ്ങളിൽ രക്ഷിതാക്കൾക്കെതിരെ കേസുകളും രജിസ്റ്റർ ചെയ്തിരുന്നു.