എട്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്ടി സൂപ്രണ്ടിനെ ലോകായുക്ത പിടികൂടി. സൗത്ത് കമ്മീഷണറേറ്റിലെ ഡിവിഷൻ 4ലെ സൂപ്രണ്ടായ മോഹിത് പ്രതാപ് സിംഗാണ് ബെംഗളൂരു സിറ്റി ലോകായുക്തയുടെ കെണിയിൽ കുടുങ്ങിയത്. കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയതായും ലോകായുക്ത അറിയിച്ചു.
സെൻട്രൽ ജിഎസ്ടി കുടിശികയുമായി ബന്ധപ്പെട്ട് തനിക്കെതിരെ നൽകിയ വ്യാജ പരാതി അവസാനിപ്പിക്കുന്നതിന് മോഹിത് പ്രതാപ് സിംഗ് എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പരാതിക്കാരനായ സയ്യിദ് സമീറിൻ്റെ ആരോപണം. പരാതി ലഭിച്ചതിനെ തുടർന്ന് ലോകായുക്ത ഉദ്യോഗസ്ഥർ കെണി ഒരുക്കുകയായിരുന്നു.
ഇടനിലക്കാരനായ സൽമാൻ ഷെയ്ഖ് മുഖേന പണം കൈമാറുന്നതിനിടെയാണ് മോഹിത് പ്രതാപ് സിംഗ് പിടിയിലായത്. കേസിൽ സൽമാൻ ഷെയ്ഖിനെയും പ്രതിയാക്കിയിട്ടുണ്ട്.
കൊരമംഗലയിലെ കേന്ദ്രീയ സദനിലുള്ള മോഹിത് പ്രതാപ് സിംഗിൻ്റെ ഓഫീസ് മുറിയിലായിരുന്നു കൈക്കൂലി ഇടപാട്. ഇവിടെ വച്ചാണ് ലോകായുക്ത ഉദ്യോഗസ്ഥർ കെണി ഒരുക്കിയത്. 2018ൽ ഭേദഗതി വരുത്തിയ 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7എ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ലോകായുക്ത അറിയിച്ചു.