കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിസഭാ പുനഃസംഘടനയിൽ ബ്യാദഗി എംഎൽഎ ബസവരാജ് ശിവണ്ണനവറിനെ ഉൾപ്പെടുത്താത്തതിൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെ.സി.വേണുഗോപാലിനോട് അതൃപ്തി അറിയിച്ചതായി റിപ്പോർട്ട്. ശിവണ്ണനവറിനെ ഉടൻ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് വേണുഗോപാൽ ഉറപ്പ് നൽകിയതായാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

ബുധനാഴ്ച ഡൽഹിയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തോടനുബന്ധിച്ചാണ് സിദ്ധരാമയ്യയും വേണുഗോപാലും കൂടിക്കാഴ്ച നടത്തിയത്. മന്ത്രിസഭയിലേക്ക് പരിഗണിച്ച പേരുകളിൽ തന്റെ നിർദേശം അവഗണിക്കപ്പെട്ടതിലാണ് സിദ്ധരാമയ്യ പ്രധാനമായും പ്രതിഷേധം അറിയിച്ചത്.

കുർബ സമുദായത്തിൽ നിന്നുള്ള നേതാവായ ബസവരാജ് ശിവണ്ണനവറിനെ മന്ത്രിയാക്കണമെന്ന് സിദ്ധരാമയ്യ നിർദേശിച്ചിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. അതേസമയം, വനിതാ ക്വാട്ടയിൽ കുർബ നേതാവായ എംഎൽസി ഗായത്രി ശാന്തെഗൗഡയുടെ പേര് ഉൾപ്പെടുത്തിയതും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. തുടർന്ന് ഗായത്രി ശാന്തെഗൗഡയോട് സത്യപ്രതിജ്ഞ ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.

വനിതാ ക്വാട്ടയിൽ മന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യ നിർദേശിച്ചിരുന്ന എംഎൽസി ഉമാശ്രീയെയും പരിഗണിച്ചില്ലെന്നും അദ്ദേഹം വേണുഗോപാലിനെ അറിയിച്ചു. പകരം ഉമാശ്രീയെ നിയമസഭാ കൗൺസിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് ദേശീയ നേതൃത്വം നിർദേശിച്ചതെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ വിജയത്തിനായി താൻ നൽകിയ സംഭാവനയും സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ വഹിച്ച പങ്കും സിദ്ധരാമയ്യ കൂടിക്കാഴ്ചയിൽ ഓർമിപ്പിച്ചതായാണ് വിവരം. പാർട്ടിയെ സംസ്ഥാനത്ത് കൂടുതൽ ശക്തിപ്പെടുത്താൻ സിദ്ധരാമയ്യയുടെ ജനപിന്തുണയും രാഷ്ട്രീയ പരിചയവും അനിവാര്യമാണെന്ന് വേണുഗോപാൽ പ്രതികരിച്ചതായും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

സിദ്ധരാമയ്യയുടെ നീക്കങ്ങൾ നിരീക്ഷിച്ച് ഹൈക്കമാൻഡ്

ഭാവിയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന സിദ്ധരാമയ്യയുടെ സമീപകാല പ്രഖ്യാപനം, ഓഗസ്റ്റ് 18ന് ബെംഗളൂരുവിൽ നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിലെ അദ്ദേഹത്തിൻ്റെ അഭാവം, ഓഗസ്റ്റ് 3ലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതിരുന്നത്, നിയമസഭാ സമ്മേളനത്തിലെ പരിമിതമായ സാന്നിധ്യം എന്നിവ ദേശീയ നേതൃത്വം ശ്രദ്ധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഇതിനിടെ, സംസ്ഥാനത്തുടനീളം വീണ്ടും അഹിന്ദ (ന്യൂനപക്ഷങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, ദളിതർ) റാലികൾ സംഘടിപ്പിക്കുമെന്ന അഭ്യൂഹങ്ങളും പാർട്ടി നേതൃത്വം ഗൗരവമായി കാണുന്നുണ്ട്. അത്തരം പരിപാടികൾ സംഘടിപ്പിക്കുകയാണെങ്കിൽ പാർട്ടി ബാനറിന് കീഴിൽ നടത്തണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടെന്നാണ് വിവരം.

2028ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സിദ്ധരാമയ്യയുടെയും മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെയും സംയുക്ത നേതൃത്വം പാർട്ടിക്ക് അനിവാര്യമാണെന്ന് മുതിർന്ന നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

കുർബ വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി

കർണാടകയിലെ പ്രധാന ഒബിസി വിഭാഗങ്ങളിലൊന്നായ കുർബ സമുദായത്തിൻ്റെ പിന്തുണ ഉറപ്പാക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾ ശക്തമായ സാഹചര്യത്തിലാണ് കോൺഗ്രസിലെ ഈ സംഭവവികാസങ്ങൾ. സംസ്ഥാന ജനസംഖ്യയിൽ ഏകദേശം 7.3 മുതൽ 9.3 ശതമാനം വരെ കുർബ വിഭാഗക്കാരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

2028ലെ തിരഞ്ഞെടുപ്പിൽ കുർബ വോട്ടുകൾ നിർണായകമാകുമെന്നാണ് ഇരു പാർട്ടികളുടെയും വിലയിരുത്തൽ. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് ഇല്ലാത്ത സാഹചര്യത്തിൽ സമുദായത്തിൽ സ്വാധീനം വർധിപ്പിക്കാനുള്ള അവസരമായാണ് ബിജെപി ഇതിനെ കാണുന്നത്. ഇതിൻ്റെ ഭാഗമായി ബിജെപി കുർബ നേതാവായ പ്രൊഫ. എം. നാഗരാജയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുകയും ദേശീയ വൈസ് പ്രസിഡണ്ടായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.

Related Posts