ഓണം ആഘോഷിക്കാൻ കേരളത്തിലേക്ക് യാത്രതിരിക്കാനൊരുങ്ങുന്ന മറുനാടൻ മലയാളികൾ കടുത്ത യാത്രാപ്രതിസന്ധിയിൽ. ട്രെയിനുകളിൽ മാസങ്ങൾക്ക് മുൻപേ ടിക്കറ്റുകൾ തീർന്നതും സ്വകാര്യ ബസുകളും വിമാന കമ്പനികളും നിരക്ക് കുത്തനെ ഉയർത്തിയതുമാണ് യാത്രക്കാരെ ആശങ്കയിലാക്കുന്നത്.

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകളിലെ ടിക്കറ്റുകൾ ബുക്കിങ് ആരംഭിച്ച് മിനിറ്റുകൾക്കകം തന്നെ വിറ്റുതീർന്നതോടെ നിരവധി യാത്രക്കാർ വെയ്റ്റിങ് ലിസ്റ്റിലാണ്. യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ റെയിൽവേ പ്രഖ്യാപിച്ച ഹുബ്ബള്ളി–കോട്ടയം ഉൾപ്പെടെയുള്ള പ്രത്യേക ട്രെയിനുകളും ആവശ്യത്തിന് ആശ്വാസമാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

സ്പെഷ്യൽ ട്രെയിനുകളിലും നിരക്ക് കൂടുതലെന്ന് പരാതി

പ്രത്യേക ട്രെയിനുകളിലെ മൂന്നാം എസി ടിക്കറ്റ് നിരക്ക് സാധാരണ സർവീസുകളേക്കാൾ കൂടുതലാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇനി യാത്രയ്ക്ക് തൊട്ടുമുമ്പ് ലഭിക്കുന്ന തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകളിലാണ് പലരുടെയും പ്രതീക്ഷ.

സ്വകാര്യ ബസുകളിൽ നിരക്ക് ഇരട്ടിയിലധികം

ഓണത്തിരക്ക് മുതലെടുത്ത് ബെംഗളൂരു–കേരള റൂട്ടിലെ സ്വകാര്യ ബസ് നിരക്കുകളും കുത്തനെ ഉയർന്നിട്ടുണ്ട്. സാധാരണ ദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് എസി മൾട്ടി-ആക്സിൽ സ്ലീപ്പർ ബസുകളിൽ ഏകദേശം 1,200 മുതൽ 2,500 രൂപ വരെയാണ് നിരക്ക്. എന്നാൽ ഓണം വാരാന്ത്യങ്ങളിൽ പ്രമുഖ പ്രീമിയം ഓപ്പറേറ്റർമാർ സിംഗിൾ സീറ്റിന് 3,000 മുതൽ 5,900 രൂപ വരെ ഈടാക്കുന്നതായി യാത്രക്കാർ പറയുന്നു. എസി ഇല്ലാത്ത സാധാരണ ബസുകളുടെ നിരക്കും പല സർവീസുകളിലും 1,400 രൂപയ്ക്ക് മുകളിലാണ്.

കേരള, കർണാടക കെഎസ്ആർടിസികൾ അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് സീറ്റുകൾ ലഭ്യമല്ലാത്തത് സ്വകാര്യ ബസ് സർവീസുകൾക്ക് അമിതനിരക്ക് ഈടാക്കാൻ സാഹചര്യമൊരുക്കുന്നതായും യാത്രക്കാർ ആരോപിക്കുന്നു.

ട്രെയിൻ ടിക്കറ്റ് ലഭിക്കാത്തതും ബസ് നിരക്ക് ഉയർന്നതും വിമാന ടിക്കറ്റുകൾ ചെലവേറിയതുമായ സാഹചര്യത്തിൽ ഇത്തവണ ഓണം നാട്ടിൽ ആഘോഷിക്കാനാകുമോ എന്ന ആശങ്കയിലാണ് നിരവധി ബെംഗളൂരു മലയാളി കുടുംബങ്ങൾ.

Related Posts