മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. മൂന്നോ നാലോ പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു.

വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് ബാലാജി നഗർ പ്രദേശത്തെ കോഹിനൂർ കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നുവീണത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 48 മുറികളുള്ള കെട്ടിടം അപകടാവസ്ഥയിലാണെന്ന് മുനിസിപ്പൽ കോർപ്പറേഷൻ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് വിവരം.

രാത്രി ഒമ്പതോടെയാണ് കെട്ടിടത്തിൽ നിന്ന് അസ്വാഭാവിക ശബ്ദങ്ങൾ കേട്ടത്. ഇതോടെ നാട്ടുകാർ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെങ്കിലും, ചിലർ പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് കെട്ടിടത്തിന്റെ ‘ബി’ വിംഗ് തകർന്നുവീണത്.

ദേശീയ ദുരന്തനിവാരണ സേന (NDRF), താനെ ദുരന്തനിവാരണ സേന, അഗ്നിശമന സേന എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഡോഗ് സ്ക്വാഡ്, ഫയർ എൻജിനുകൾ, ആംബുലൻസുകൾ, മണ്ണുമാന്തൽ യന്ത്രങ്ങൾ എന്നിവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Related Posts