പരീക്ഷാ നിയമഭേദഗതി ബിൽ പാർലമെന്റിൻ്റെ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ ചോദ്യക്കടലാസ് ചോർച്ചയ്‌ക്കെതിരെ കർശന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. വിദ്യാഭ്യാസ രംഗവും പരീക്ഷാ സംവിധാനവും ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരാഴ്ചയ്ക്കിടെ നാലാം തവണയാണ് പ്രധാനമന്ത്രി സാമൂഹ്യമാധ്യമങ്ങളിലൂടെ സന്ദേശവുമായി എത്തുന്നത്.

രാജ്യത്ത് വർഷങ്ങളായി ചോദ്യക്കടലാസ് ചോർച്ച വലിയ വെല്ലുവിളിയായി തുടരുകയാണെന്നും, ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ അത് പ്രതികൂലമായി ബാധിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷാ സംവിധാനത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും സാങ്കേതികവിദ്യയുടെ സഹായത്തോടെ തട്ടിപ്പുകൾ തടയുന്നതിനും സമഗ്രമായ പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർഥികളുടെ ഭാവി തകർക്കുന്ന ‘പേപ്പർ മാഫിയ’ സംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും, കുറ്റക്കാർക്ക് രക്ഷപ്പെടാനാകാത്ത വിധം കർശന നിയമനടപടികൾ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.

താൻ നൽകിയ ഉറപ്പനുസരിച്ച് വിശദമായ ചർച്ചകൾക്ക് ശേഷമാണ് പാർലമെന്റിൻ്റെ ഇരുസഭകളും കർശന വ്യവസ്ഥകളോടെയുള്ള പരീക്ഷാ നിയമഭേദഗതി ബിൽ പാസാക്കിയതെന്നും, രാജ്യത്തെ പരീക്ഷാ സംവിധാനം കൂടുതൽ വിശ്വാസ്യതയുള്ളതാക്കാൻ ഈ നിയമം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts