ബിഎംടിസി ബസുകളിലെ ‘വോമിറ്റ് ഗ്യാങ്’ കുടുങ്ങി; പോക്കറ്റടിയും മോഷണവും നടത്തിയിരുന്ന മോഷ്ടാക്കൾ പിടിയിൽ
ബിഎംടിസി ബസുകളിൽ യാത്രക്കാരെ ലക്ഷ്യമിട്ട് പോക്കറ്റടിയും മോഷണവും നടത്തിയിരുന്ന സംഘത്തിലെ രണ്ട് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച നീണ്ട രഹസ്യ ഓപ്പറേഷനിൽ സിവിൽ വേഷത്തിൽ സാധാരണ യാത്രക്കാരായി ബസുകളിൽ സഞ്ചരിച്ച പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ കുടുക്കിയത്. അറസ്റ്റിലായവർ മുബാറക് പാഷ, അൻവർ പാഷ എന്നിവരാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേർ ഒളിവിലാണെന്നും ഇവർക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
സംഘം യാത്രക്കാരെ കബളിപ്പിക്കാൻ പ്രത്യേക തന്ത്രം ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഒരാൾ ഛർദ്ദിക്കാൻ പോകുന്നതായി നടിച്ച് ജനൽസീറ്റിലുള്ള യാത്രക്കാരനോട് സീറ്റ് മാറാൻ ആവശ്യപ്പെടും. യാത്രക്കാരൻ എഴുന്നേൽക്കുന്ന സമയത്ത് മറ്റ് അംഗങ്ങൾ ചുറ്റും തിരക്കുണ്ടാക്കി ശ്രദ്ധ തിരിക്കുകയും, അതിനിടെ മൊബൈൽ ഫോണുകളും പഴ്സും പണവും മോഷ്ടിക്കുകയും ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമാനരീതിയിലുള്ള പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചത്. കേസുകളുടെ തുടർ അന്വേഷണം വിധാനസൗധ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. തിരക്കേറിയ ബസുകളിൽ യാത്ര ചെയ്യുമ്പോൾ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കാനും അപരിചിതരുടെ ശ്രദ്ധതിരിക്കുന്ന തന്ത്രങ്ങളിൽ വീഴാതിരിക്കാനും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ബെംഗളൂരു പൊലീസ് നിർദേശിച്ചു.