72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വൈകിട്ട് 5.30ന് ന്യൂഡൽഹിയിൽ പ്രഖ്യാപിക്കും. 2024-ൽ സെൻസർ സർട്ടിഫിക്കറ്റ് നേടിയ ഇന്ത്യൻ സിനിമകളെയാണ് ഇത്തവണ അവാർഡിനായി പരിഗണിച്ചിരിക്കുന്നത്. മലയാള സിനിമയ്ക്ക് ഇക്കുറി മികച്ച നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികളും ചലച്ചിത്രലോകവും.
ഇത്തവണ ദേശീയ അവാർഡ് ജൂറിയുടെ ചെയർമാനായി മലയാളി സംവിധായകൻ ജയരാജ് പ്രവർത്തിക്കുന്നതും ശ്രദ്ധേയമാണ്. മലയാളത്തിൽ നിന്ന് ‘ഭ്രമയുഗം’, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘കിഷ്കിന്ധാകാണ്ഡം’ തുടങ്ങിയ ചിത്രങ്ങളാണ് പ്രധാന മത്സരരംഗത്തുള്ളത്.
‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മമ്മൂട്ടിയും, ‘കിഷ്കിന്ധാകാണ്ഡം’ എന്ന ചിത്രത്തിലൂടെ ആസിഫ് അലിയും മികച്ച നടനുള്ള പുരസ്കാരത്തിനുള്ള പ്രധാന പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ‘ഭ്രമയുഗ’ത്തിൽ കൊടുമൺ പോറ്റിയായും ചാത്തനായും മമ്മൂട്ടി നടത്തിയ പ്രകടനത്തിന് നേരത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അംഗീകാരം ലഭിച്ചിരുന്നു.
മമ്മൂട്ടി ഇതിനകം മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. മതിലുകൾ, ഒരു വടക്കൻ വീരഗാഥ (1989), പൊന്തൻമാട, വിധേയൻ (1993), ഡോ. ബാബാസാഹേബ് അംബേദ്കർ (1998) എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിച്ചത്. ഇക്കുറി നാലാം ദേശീയ പുരസ്കാരം സ്വന്തമാക്കുമോയെന്നാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.