ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെ മലയാളികൾക്ക് ആശ്വാസമായി കേരളത്തിലേക്ക് രണ്ട് പ്രത്യേക ട്രെയിനുകൾ കൂടി ദക്ഷിണ പശ്ചിമ റെയിൽവേ പ്രഖ്യാപിച്ചു. പതിവ് ട്രെയിനുകളിലെ ഓണക്കാല ടിക്കറ്റുകൾ ഇതിനോടകം മുഴുവൻ ബുക്ക് ആയ സാഹചര്യത്തിൽ, ഈ പ്രത്യേക ട്രെയിനുകൾ ബെംഗളൂരുവിലെ മലയാളികൾക്ക് വലിയ ആശ്വാസമാണ്. റിസർവേഷൻ ഇന്ന് രാവിലെ 8മണിക്ക് ആരംഭിക്കും.

ആദ്യ പ്രത്യേക ട്രെയിൻ (06227) ഉത്രാട ദിനമായ ഓഗസ്റ്റ് 25 രാത്രി 10.30-ന് മൈസൂരുവിൽ നിന്ന് പുറപ്പെടും. ബെംഗളൂരു കെ.എസ്.ആർ. സ്റ്റേഷനിൽ പുലർച്ചെ 1.10-നും, കെ.ആർ. പുരത്ത് 1.38-നും, ബംഗാർപേട്ടിൽ 2.28-നും എത്തുന്ന ട്രെയിൻ ഓഗസ്റ്റ് 26 ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂരിലെത്തും. മടക്ക സർവീസായ കണ്ണൂർ–ബെംഗളൂരു സ്പെഷ്യൽ (06228) ഓഗസ്റ്റ് 26 വൈകിട്ട് 6.25-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഓഗസ്റ്റ് 27 രാവിലെ 8.35-ന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിലെത്തും. പുതുതായി അനുവദിച്ച ഈ ട്രെയിൻ തിരുവോണ ദിവസം ഉച്ചയ്ക്കുശേഷമാണ് കണ്ണൂരിലെത്തുന്നത്. പാലക്കാട്, ഷൊർണൂർ ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് രാവിലെ തന്നെ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്നതിനാൽ ഓണസദ്യയ്ക്ക് മുമ്പ് വീട്ടിലെത്താൻ സാധിക്കും.

രണ്ടാമത്തെ പ്രത്യേക സർവീസ് (06229) ഓഗസ്റ്റ് 29 രാത്രി 11.55-ന് മൈസൂരുവിൽ നിന്ന് പുറപ്പെടും. ഓഗസ്റ്റ് 30 പുലർച്ചെ 2 മണിക്ക് ബെംഗളൂരു കെ.എസ്.ആർ., 2.31-ന് കെ.ആർ. പുരം, 3.11-ന് ബംഗാർപേട്ട് എന്നിവിടങ്ങളിൽ എത്തുന്ന ട്രെയിൻ വൈകിട്ട് 5.50-ന് കണ്ണൂരിലെത്തും. ഈ സർവീസിൻ്റെ മടക്ക ട്രെയിനായ 06230 ഓഗസ്റ്റ് 30 രാത്രി 7.45-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഓഗസ്റ്റ് 31 രാവിലെ 10 മണിക്ക് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ എത്തിച്ചേരും. രണ്ടാമതായി അനുവദിച്ച ഈ ട്രെയിൻ ഓണം ആഘോഷിച്ച് ബെംഗളൂരുവിലേക്ക് മടങ്ങുന്ന മലയാളികൾക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.

ഈ രണ്ട് പ്രത്യേക ട്രെയിനുകൾക്കും പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. അതിനാൽ കണ്ണൂർ മാത്രമല്ല, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കുള്ള യാത്രക്കാർക്കും ഈ സർവീസുകൾ ഏറെ പ്രയോജനപ്പെടും. ഇതോടെ ബെംഗളൂരുവിൽ നിന്ന് ഇത്തവണ പ്രഖ്യാപിച്ച ഓണക്കാല പ്രത്യേക ട്രെയിനുകളുടെ എണ്ണം മൂന്നായി.

Related Posts