ബെംഗളൂരുവിൽ നടപ്പാതകളും പൊതുസ്ഥലങ്ങളും കൈയേറുന്നതിനെതിരെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) കർശന നടപടി ആരംഭിച്ചു. റോഡരികിലും നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന വാഹനങ്ങൾ ഇന്ന് മുതൽ നീക്കം ചെയ്യുമെന്ന് ജിബിഎ അറിയിച്ചു.
ജിബിഎയ്ക്ക് കീഴിലുള്ള അഞ്ച് കോർപറേഷനുകളിലും ഇതിനായി പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. അടുത്തിടെ നടത്തിയ പരിശോധനയിൽ 1,518 വാഹനങ്ങളാണ് ഉടമസ്ഥരില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇത്തരം വാഹനങ്ങളിൽ ആദ്യം മുന്നറിയിപ്പ് നോട്ടീസ് പതിക്കും. ഏഴ് ദിവസത്തിനുള്ളിൽ വാഹനം മാറ്റിയില്ലെങ്കിൽ ക്രെയിൻ ഉപയോഗിച്ച് ഡമ്പിങ് യാർഡിലേക്ക് മാറ്റും. പിടിച്ചെടുത്ത വാഹനങ്ങളുടെ വിവരങ്ങൾ ബെംഗളൂരു ട്രാഫിക് പൊലീസിൻ്റെ BTP-Astra ആപ്പിലും ലഭ്യമാക്കും.
വാഹനങ്ങൾ പിന്നീട് നിയമാനുസൃതമായി ലേലം ചെയ്യുമെന്നും, അതിന് ശേഷം ഉടമസ്ഥാവകാശം സംബന്ധിച്ച പരാതികൾ സ്വീകരിക്കില്ലെന്നും ജിബിഎ ചീഫ് കമ്മിഷണർ എം. മഹേശ്വർ റാവു അറിയിച്ചു. ജിബിഎ നിയമത്തിലെ 324-ാം വകുപ്പ് പ്രകാരമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.