പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിൽ നിർണായക നീക്കമായി തൃണമൂൽ കോൺഗ്രസിൻ്റെ മൂന്ന് മുൻ രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു. സുസ്മിത ദേവ്, സുകേന്ദു ശേഖർ റേ, പ്രകാശ് ചിക് ബരാക് എന്നിവരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.

കൊൽക്കത്തയിലെ സാൾട്ട് ലേക്കിലുള്ള ബിജെപി സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വസ്വീകരണം. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ തൃണമൂലിൽ ആഭ്യന്തര ഭിന്നത ശക്തമാണെന്ന വിലയിരുത്തലിനിടെയാണ് പ്രമുഖ നേതാക്കളുടെ പാർട്ടിമാറ്റം.

പാർട്ടി നേതൃത്വവുമായി ഉണ്ടായ ഗുരുതര അഭിപ്രായവ്യത്യാസങ്ങളും ജനവിധിക്ക് അനുസരിച്ചുള്ള പുതിയ രാഷ്ട്രീയ നിലപാടുമാണ് തൃണമൂൽ വിടാനുള്ള തീരുമാനത്തിന് കാരണമായതെന്ന് ബിജെപിയിൽ ചേർന്ന നേതാക്കൾ വ്യക്തമാക്കി.

അതേസമയം, ദേശീയ രാഷ്ട്രീയത്തിലും പാർലമെന്ററി രംഗത്തും ദീർഘകാല പ്രവർത്തനപരിചയമുള്ള നേതാക്കളുടെ വരവ് പശ്ചിമ ബംഗാളിൽ ബിജെപിയുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരുമെന്ന് സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ പറഞ്ഞു. വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങളിൽ ഇവരുടെ അനുഭവസമ്പത്ത് പാർട്ടിക്ക് വലിയ നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts