കർണാടക എക്സൈസ് വകുപ്പിൽ വ്യാപക അഴിമതി നടന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). എക്സൈസ് ഉദ്യോഗസ്ഥരിൽ പലരും സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെയും അവരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും പേരിലോ ബിനാമി മദ്യ ലൈസൻസുകൾ കൈവശം വെച്ച് അനധികൃത മദ്യവ്യാപാരത്തിൽ ഏർപ്പെട്ടിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

മദ്യവ്യാപാര ശൃംഖലയെ കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗമായി ഉപയോഗിച്ചതായും ഇഡി ആരോപിക്കുന്നു. ബെലഗാവി അഡീഷണൽ എക്സൈസ് കമ്മീഷണർ വൈ.ഡി. മഞ്ജുനാഥിനെ അഴിമതിയുടെ പ്രധാന കണ്ണിയെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അടുത്ത ബന്ധുവാണ് മഞ്ജുനാഥ്.

അന്വേഷണത്തിൻ്റെ ഭാഗമായി ജൂൺ 24-ന് ബെംഗളൂരു, മൈസൂരു, ബെലഗാവി എന്നിവിടങ്ങളിലായി 14 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തി. എക്സൈസ് ഉദ്യോഗസ്ഥരായ ജഗദീഷ് നായക്, കെ.എം. തമ്മണ്ണ, വൈ.ഡി. മഞ്ജുനാഥ് എന്നിവരുടെയും അവരുടെ കുടുംബാംഗങ്ങൾ, ബിസിനസ് പങ്കാളികൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുമാണ് പരിശോധന നടന്നത്.

2002-ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) പ്രകാരമാണ് നടപടി. സർക്കാർ ഉദ്യോഗസ്ഥർ അധികാരം ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണമാണ് അന്വേഷണത്തിന് അടിസ്ഥാനമായത്. പിടിച്ചെടുത്ത രേഖകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ച് കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് ഇഡി അറിയിച്ചു.

Related Posts