കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ കാവേരി നദിയിൽ മുങ്ങി ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിക്ക് സമീപമാണ് ദുരന്തം സംഭവിച്ചത്. ക്ഷേത്രദർശനത്തിന് ശേഷം നദിക്കരയിലെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.

ബംഗളൂരുവിലെ ബ്യാദരഹള്ളി സ്വദേശികളായ ശ്വേത (38), ചൈത്ര (20), വിജയമ്മ (50), പ്രിയങ്ക (28) എന്നിവരും ഡ്രൈവർ മഹേഷുമാണ് മരിച്ചത്. കബ്ബാല ക്ഷേത്രം സന്ദർശിച്ച ശേഷം മുത്തത്തിരയ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് സംഘം കാവേരി തീരത്തെത്തിയത്.

നദിക്കരയിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ വിജയമ്മ കാൽവഴുതി ആഴമുള്ള ഭാഗത്തേക്ക് വീണതായാണ് റിപ്പോർട്ട്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച മറ്റുള്ളവരും ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട മറ്റൊരാളെയും നാല് വയസുള്ള കുട്ടിയെയും നാട്ടുകാർ രക്ഷപ്പെടുത്തി.

ഹോംഗാർഡുകളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് സംഘം നദിയിലേക്ക് ഇറങ്ങിയതെന്ന് അധികൃതർ അറിയിച്ചു. അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും ചേർന്ന് തിരച്ചിൽ നടത്തി അഞ്ച് മൃതദേഹങ്ങളും കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Related Posts