ബെംഗളൂരു – മുംബൈ എക്‌സ്പ്രസ് തീവണ്ടി (16553/16554) റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ഫ്ളാഗ് ഓഫ് ചെയ്‌തു. ബെംഗളൂരു – മുംബൈ എക്സ്പ്രസ് തീവണ്ടിയുടെ പതിവ് സർവീസ് ശനിയാഴ്‌ച ആരംഭിക്കും. ഇരുവശത്തുനിന്നും ആഴ്‌ചയിൽ രണ്ട് സർവീസുകൾ വീതമാണ് നടത്തുന്നത്.

ബെംഗളൂരുവിൽനിന്നുള്ള തീവണ്ടി (16553) ശനി, ചൊവ്വ ദിവസങ്ങളിൽ രാത്രി 8.35-ന് ബെംഗളൂരു എസ്.എം.വി.ടി.യിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 8.40-ന് മുംബൈ ലോകമാന്യ തിലക് ടെർമിനസിൽ എത്തിച്ചേരും.

മുംബൈയിൽനിന്നുള്ള തീവണ്ടി (16554) ലോകമാന്യ തിലക് ടെർമിനസിൽനിന്ന് ഞായർ, ബുധൻ ദിവസങ്ങളിൽ രാത്രി 11.15-ന് പുറപ്പെട്ട് അടുത്തദിവസം രാത്രി 11.30-ന് ബെംഗളൂരു എസ്.എം.വി.ടിയിൽ എത്തും.

ബെംഗളൂരു – മുംബൈ റൂട്ടിൽ പുതിയ വന്ദേഭാരത് സ്ലീപ്പർ സർവീസ് ഉടൻ ആരംഭിക്കുമെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. സർവീസിന് ഇതിനകംതന്നെ അനുമതി ലഭിച്ചു. മറ്റുനടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ തീവണ്ടിയാണ് ബെംഗളൂരു-മുംബൈ റൂട്ടിൽ ആരംഭിക്കുന്നത്. ബെംഗളൂരു – ചെന്നൈ, ബെംഗളൂരു – ഹൈദരാബാദ് ബുള്ളറ്റ് തീവണ്ടി സർവീസുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുന്നതോടെ 1200 കിലോമീറ്ററിലേറെ ദൂരമുള്ള ബെംഗളൂരുവിനും മുംബൈയ്ക്കും ഇടയിലുള്ള യാത്രാസമയത്തിൽ കാര്യമായ വ്യത്യാസമുണ്ടാകും. റൂട്ടിൽ സാധാരണ തീവണ്ടികളുടെ യാത്രാസമയം 22 -24 മണിക്കൂറാണ്. വന്ദേഭാരത് സ്ലീപ്പർ വരുന്നതോടെ യാത്രാസമയം ആറു മണിക്കൂർ കുറയുമെന്നാണു പ്രതീക്ഷ.

Related Posts