നൈജീരിയയിലുണ്ടായ ചാവേറാക്രമണങ്ങളിൽ 23 പേർ കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ നൈജീരിയയിലെ മൈദുഗുരിയിലാണ് ചാവേറാക്രമണം ഉണ്ടായത്. ചാവേറാക്രമണങ്ങളിൽ നൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പരിക്കേറ്റ നിരവധി പേർ ചികിത്സയിലാണെന്നും നഗരത്തിലെ ആശുപത്രികളിൽ കടുത്ത തിരക്ക് അനുഭവപ്പെടുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ച രാത്രി ഒരു സൈനിക പോസ്റ്റിന് നേരെയും ആക്രമണമുണ്ടായിരുന്നു.
ഒന്നിലധികം ചാവേർ ബോംബർമാരാണ് സ്ഫോടനത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് സ്ഥിരീകരിച്ചു. ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ എന്നീ ഭീകര സംഘടനകളാണ് വടക്കുകിഴക്കൻ നൈജീരിയയിൽ ആക്രമണം ശക്തമാക്കുന്നത്. ചാവേറാക്രമണത്തിന് പിന്നിലും ഇവരാണെന്നാണ് നിഗമനം.