ബെംഗളൂരുവിൽ ആയിരം കിടക്കയുള്ള ചാരിറ്റബിൾ സൂപ്പർ സ്പെഷ്യാലിറ്റി & മൾട്ടി ഓർഗൻ ട്രാൻസ്‌പ്ലാൻ്റ് ആശുപത്രി സ്ഥാപിക്കാൻ അസിം പ്രേംജി ഫൗണ്ടേഷനുമായി കർണാടക സർക്കാർ ധാരണാപത്രം ഒപ്പിട്ടു. 4000 കോടി രൂപ ചെലവിടാനാണ് അസിം പ്രേംജി ഫൗണ്ടേഷൻ ലക്ഷ്യമിട്ടിട്ടുള്ളതെന്ന് ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ആശുപത്രി സ്ഥാപിക്കാൻ ഫൗണ്ടേഷൻ 1000 കോടി രൂപ നിക്ഷേപിക്കും. തുടർന്ന് ആശുപത്രിയുടെ നടത്തിപ്പുചെലവിനായി വർഷംതോറും 400 കോടിയോളം രൂപ വേറേയും ചെലവഴിക്കും. സൗജന്യനിരക്കിൽ അവയവമാറ്റശസ്ത്രക്രിയ നടത്തുന്ന ആശുപത്രിയാണ് സ്ഥാപിക്കുന്നത്.
ബെംഗളൂരുവിലെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രിയുടെ കാമ്പസിലെ 10 ഏക്കർ സ്ഥലത്താണ് പുതിയ ആശുപത്രി സ്ഥാപിക്കുക. 99 വർഷത്തേക്ക് ഈ സ്ഥലം ഫൗണ്ടേഷന് പാട്ടത്തിനു നൽകാനാണ് ധാരണ. വിധാൻസൗധയിൽ നടന്ന ചടങ്ങിൽ മെഡിക്കൽ വിദ്യാഭ്യാസവകുപ്പാണ് ഫൗണ്ടേഷനുമായി ധാരണാപത്രം ഒപ്പുവെച്ചത്. അസിം പ്രേംജി ഫൗണ്ടേഷൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അനുരാഗ് ബെഹർ ചടങ്ങിൽ പങ്കെടുത്തു.