കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ ദൃശ്യകൊലക്കേസ് പ്രതി വിനീഷ് കേരളം വിട്ടതായി സൂചന. കർണാടകയിലേക്ക് രക്ഷപ്പെട്ടതായാണ് അറിയുന്നത്. കുതിരവട്ടത്ത് നിന്ന് ചുമർ തുരന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ഇത് രണ്ടാം തവണയാണ് പ്രതി കുതിരവട്ടത്ത് നിന്ന് രക്ഷപെടുന്നത്. 2022ല്‍ ആദ്യം രക്ഷപെട്ടപ്പോള്‍ കര്‍ണാടകയില്‍ നിന്നാണ് വിനീഷിനെ പിടികൂടിയത്. അതുകൊണ്ട് തന്നെ ഇക്കുറിയും കര്‍ണാടക കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വിനീഷിന് രക്ഷപ്പെടാന്‍ ആരുടേയും സഹായം ലഭിച്ചിട്ടില്ല. വിനീഷ് തനിച്ചാണ് ശുചിമുറിയുടെ ചുമര്‍ തുരന്ന് മതില്‍ ചാടികടന്നത്.

2021ലാണ് പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണ സ്വദേശിയായ ദൃശ്യയെ വിനീഷ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന വിനീഷ്, മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊതുകുതിരി കഴിച്ച് ജീവനൊടുക്കാൻ വിനീഷ് ശ്രമിച്ചിരുന്നു. കഴിഞ്ഞ മാസം പത്താം തീയതിയാണ് വിനീഷിനെ കുതിരവട്ടത്ത് എത്തിച്ചത്.

Related Posts