ഓസ്ട്രേയിലയ്ക്കെതിരായ നാലാം ട്വൻ്റി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. 48 റൺസിൻ്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. ശനിയാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം. ആദ്യമത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ് ട്രേലിയ 18.2 ഓവറിൽ 119 ൺസിന് ഓൾഔട്ടായി.
ഓസീസ് ഓപ്പണറുമാരായ മിച്ചൽ മാർഷിനും മാത്യു ഷോർട്ടിനും മാത്രമാണ് ഇന്ത്യൻ ബൗളിംഗിനുമുന്നിൽ അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. മിച്ചൽ മാർഷ് 30 റൺസും മാത്യു ഷോർട്ട് 25 റൺസും നേടി. മിച്ചൽ മാർഷാണ് ഓസീസ് നിരയിൽ ടോപ് സ്കോറർ. ജോഷ് ഇംഗ്ലിസ് 12 റൺസും ടിം ഡേവിഡ് 14 റൺസും മാർക്കസ് സ്റ്റോയിൻസ് 17 റൺസുമെടുത്തു. ഇന്ത്യയ്ക്കായി വാഷിംഗ്ടൺ സുന്ദർ 1.2 ഓവറിൽ മൂന്ന് റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശിവം ദുബെയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട ത്തിലാണ് 167 റൺസ് നേടിയത്. ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഒരുക്കിയത് 21 പന്തിൽ 28 റൺസെടുത്ത അഭിഷേകിൻ്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഗിൽ 39 പന്തിൽ 46 റൺസെടുത്തു. ഗില്ലാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ. ശിവം ദുബെ 22 റൺസും സൂര്യകുമാർ യാദവ് 20 റൺസും നേടി. അക്സർ പട്ടേൽ പുറത്താകാതെ 11 പന്തിൽ 21 റൺസെടുത്തു.