മധ്യപ്രദേശിൽ എട്ടുവയസുകാരിയെ പുലി കടിച്ചുകൊന്നു. ഗീത എന്ന പെൺകുട്ടിയാണു കൊല്ലപ്പെട്ടത്.മധ്യപ്രദേശ് ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. അമ്മയും മറ്റ് കൃഷിക്കാരും പണിയെടുത്തുകൊണ്ടിരിക്കെ ഗീതയെ പുലി കഴുത്തിൽ കടിച്ചെടുത്ത് കാട്ടിലേക്ക് ഓടുകയായിരുന്നു. കൃഷിക്കാർ ശബ്ദമുണ്ടാക്കി പിന്നാലെ ഓടിയെത്തി, അൽപ്പം അകലെ ഗീതയെ സാരമായി മുറിവേറ്റ നിലയിൽ കണ്ടെത്തി. ഉടൻ അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴുത്തിൻ്റെ ഇരുവശവും പുലി കടിച്ചിരുന്നു.
വനം വകുപ്പ് നടത്തിയ തെരച്ചിലിൽ പുലിയുടെ സ്ഥാനം തിരിച്ചറിയാനായിട്ടുണ്ടെന്നു ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ ആശിഷ് ബൻസോദ് പറഞ്ഞു. സ്ഥലത്ത് കൂടുകളും കാമറകളും സ്ഥാപിച്ചു. മുഴുവൻ സമയവും പെട്രോളിംഗും നടത്തുന്നുണ്ട്. മേഖലയിൽ കഴിഞ്ഞ ദിവസം പുലി ഒരു ആടിനെ പിടികൂടിയിരുന്നു.