കനത്ത മഴ മൂലമുണ്ടായ അപകടത്തിൽ ഹിമാചൽപ്രദേശിൽ ഇതുവരെയുള്ള മരണസംഖ്യ 287 ആയി ഉയർന്നു. ഇതിൽ 149 മരണങ്ങൾ മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളിലുണ്ടായപ്പോൾ 138 ജീവനുകൾ റോഡ് അപകടങ്ങളിലാണ് പൊലിഞ്ഞത്.
ജൂൺ 20 മുതൽ ഓഗസ്റ്റ് 21 വരെയുള്ള കണക്കുകൾ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് പുറത്തുവിട്ടത്. കനത്ത മഴയിൽ ഹിമാചൽ പ്രദേശിൽ മിന്നൽപ്രളയം, മണ്ണിടിച്ചിൽ, മേഘവിസ്ഫോടനം തുടങ്ങിയവ റിപ്പോർട്ട് ചെയ്തിരുന്നു. ഹിമാചൽപ്രദേശിൽ കനത്തമഴ മൂലം ജനജീവിതം താറുമാറായി.
24 മണിക്കൂറിനിടെ ഹിമാചൽപ്രദേശിലുടനീളമുള്ള 338 റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. ഏറ്റവുമധികം റോഡുകൾ അടച്ചിട്ടത് മണ്ഡി ജില്ലയിലാണ്. ഇവിടെ 165 റോഡുകൾ ഗതാഗത യോഗ്യമല്ലാതായി. 141 ജലവിതരണ പദ്ധതികൾ, 132 ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോമറുകൾ (ഡിടിആർ) എന്നിവയുടെ പ്രവർത്തനവും നിലച്ചു.