ഇന്ത്യയോട് പാകിസ്ഥാന്റെ ആണവ ഭീഷണി വേണ്ടെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ട മറുപടി നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി.
പഹൽഗാമിൽ നിഷ്കളങ്കരെ മതം ചോദിച്ച് വകവരുത്തിയവരെ നേരിടാൻ ഇന്ത്യൻ സേനയ്ക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയെന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ രോഷത്തിന്റെ പ്രകടനമാണ് ഓപ്പറേഷൻ സിന്ദൂർ എന്നും പ്രതികാരത്തിനുള്ള സമയവും സ്ഥലവും തീരുമാനിച്ച സൈന്യം സങ്കൽപ്പിക്കാനാവാത്ത കാര്യമാണ് രാജ്യത്തിനായി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
‘ആത്മ നിർഭർ ഭാരത്’ എന്താണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിച്ചു. സിന്ധുനദി ജല കരാറിൽ പുനരാലോചനയില്ലെന്നും വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ലെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. രാജ്യം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാൻ രാജ്യം തയ്യാറാണ്. ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.