അമേരിക്കൻ സംസ്ഥാനമായ ടെക്സസിന്റെ മധ്യ-തെക്കന്‍ ഭാഗങ്ങളില്‍ അതിതീവ്രമഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. 15 പേര് മരിച്ചവരില്‍ കുട്ടികളാണ്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
തിരച്ചിൽ എല്ലാവരേയും കണ്ടെത്തുന്നതുവരെ തുടരും. രണ്ടാം ദിവസവും തിരച്ചിൽ തുടരുമ്പോൾ മിസ്റ്റിക് സമ്മർ ഹോളിഡേ ക്യാമ്പിനെത്തിയ 20 പെൺകുട്ടികളെ ഇനിയും കണ്ടെത്താൻ ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ പ്രളയവുമായി ബന്ധപ്പെട്ട് 850 പേരെ രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച പുലർച്ചെ നാലോടെയാണ് കനത്ത പേമാരിയെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടായത്. ഗ്വാഡലൂപ് നദിയിൽ 45 മിനിറ്റിനുള്ളിൽ ജലനിരപ്പ് 26 അടി ഉയരുകയായിരുന്നു. പ്രളയജലത്തിൽ സമ്മർക്യാമ്പിന്റെ കാബിനുകളിലൊന്ന് കുത്തിയൊലിച്ചു ഒഴുകിപ്പോകുന്ന ഭയാനകമായ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു.
ആളുകൾ ടോർച്ചടിച്ച് നടക്കുന്നതും ഒഴുകുന്ന കാബിനിൽ നിന്ന് കൂട്ടനിലവിളി ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം. രക്ഷിതാക്കൾ കാണാതായ കുട്ടികളെ സംബന്ധിച്ച വിവരം കിട്ടുന്നതിനായി ഇവരുടെ ചിത്രങ്ങളും വിശദാംശങ്ങളും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ടെക്സസിലെ പ്രളയത്തെത്തുടർന്ന് സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ റദ്ദാക്കി.
500 അടിയന്തരസേനാംഗങ്ങളും 14 ഹെലികോപ്റ്ററുകളും പ്രളയബാധിതമേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. രക്ഷാപ്രവർത്തകർക്ക് മഴ കനത്തത് രാത്രിയായതിനാൽ അങ്ങോട്ടെത്താൻ സാധിച്ചിരുന്നില്ല. ടെക്സസിലെ പ്രളയം ഭയപ്പെടുത്തുന്നതാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. പ്രളയബാധിതർക്ക് സഹായവും വാഗ്ദാനംചെയ്തു.