ബാങ്കിൻ്റെ ജപ്തി നടപടികൾക്കിടെ വീട്ടമ്മയെ വീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര കൂത്താളി കുഞ്ഞാത്ത് കുയ്യോടൻകണ്ടി സ്വദേശിനി കവിത (42) ആണ് മരിച്ചത്. വടകര കൈനാട്ടിയിലെ പെയിന്റ് കടയിൽ ജീവനക്കാരനായ ബാബുവിൻ്റെ ഭാര്യയാണ് കവിത. പയ്യോളി സ്വദേശിനിയായ കവിതയ്ക്ക് രണ്ട് മക്കളുണ്ട്.

ഇന്ന് രാവിലെ 11 മണിയോടെ ബാങ്ക് അധികൃതരും അഡ്വക്കറ്റ് കമ്മിഷനും പൊലീസും ജപ്തി നടപടികൾക്കായി വീട്ടിലെത്തിയിരുന്നു. ഇതിനിടെ കവിതയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് താമസിക്കുന്ന വീടിന് പിന്നിലുള്ള പഴയ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വീട് നിർമാണത്തിനായി സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ നടുവണ്ണൂർ ശാഖയിൽനിന്ന് കവിത 26 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പലിശയടക്കം കുടിശ്ശിക തുക ഏകദേശം 50 ലക്ഷത്തോളം രൂപയായി ഉയർന്നിരുന്നു. ജപ്തി നടപടികൾക്കായി വെള്ളിയാഴ്ച എത്തുമെന്ന് ബാങ്ക് അധികൃതർ നേരത്തെ അറിയിച്ചിരുന്നതായാണ് വിവരം.

മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുന്നു.

Related Posts