ഓർത്തഡോക്സ്, യാക്കോബായ സഭാ വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നതകൾ അവസാനിപ്പിച്ച് ഒന്നിച്ച് മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇരു വിഭാഗങ്ങളെയും ഒരുമിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സഭകൾ ഒന്നിച്ചുനിന്നാൽ വലിയ ശക്തിയായി മാറാൻ കഴിയുമെന്നും കേരളത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റാൻ ഈ ഐക്യത്തിന് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുളന്തുരുത്തി സുന്നഹദോസിൻ്റെ 150-ാം വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ സിനിമാതാരം മമ്മൂട്ടിയും പങ്കെടുത്തു. ശ്രേഷ്ഠ ബാബ തോമസ് പ്രഥമൻ കാതോലിക്ക ബാവ പുരസ്കാരം മമ്മൂട്ടിക്ക് സമ്മാനിച്ചു. പാത്രിയാർക്കീസ് ബാവയാണ് പുരസ്കാരം കൈമാറിയത്. എല്ലാവരെയും ശത്രുതയുടെ മനോഭാവത്തിൽ കാണാതെ ശത്രുക്കളെപ്പോലും മിത്രങ്ങളാക്കാൻ ശ്രമിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു. അതിന് ഓരോരുത്തരും സ്വന്തം ഭാഗത്തുനിന്ന് മുൻകൈയെടുക്കണം. ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത് സമാധാനപരമായ ജീവിതമാണ്. ആരും പരസ്പരം കലഹിക്കാത്ത, സ്നേഹത്തോടെയും സൗഹാർദത്തോടെയും കഴിയുന്ന ഒരു കാലം ഉണ്ടാകട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു.

Related Posts