എഥനോൾ കലർന്ന പെട്രോൾ ഉപയോഗിച്ചതിനെത്തുടർന്ന് വാഹനങ്ങളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നുവെന്ന പരാതികൾ ബെംഗളൂരുവിൽ വർധിക്കുന്നു. എൻജിൻ പെട്ടെന്ന് ഓഫാകുക, സ്റ്റാർട്ട് ചെയ്യാൻ ബുദ്ധിമുട്ട്, മൈലേജ് കുറയുക തുടങ്ങിയ പ്രശ്നങ്ങളുമായാണ് വാഹന ഉടമകൾ സർവീസ് സെന്ററുകളെ സമീപിക്കുന്നത്. പഴയ മോഡൽ കാറുകളിലും ഇരുചക്ര വാഹനങ്ങളിലുമാണ് പരാതികൾ കൂടുതൽ.
സർവീസ് സെന്ററുകളിൽ വാഹനങ്ങളുടെ എൻജിനുള്ളിൽ ഒട്ടിപ്പിടിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയതായും ഇവ ഇന്ധനവിതരണ സംവിധാനത്തെ ബാധിക്കാമെന്നും മെക്കാനിക്കുകൾ പറയുന്നു. പഴയ വാഹനങ്ങളിൽ ഇന്ധന ടാങ്കിൽ തുരുമ്പ് പിടിക്കുക, കാർബ്യൂറേറ്ററിൽ തടസ്സമുണ്ടാകുക തുടങ്ങിയ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കാർ സർവീസ് സെന്ററുകളിലെത്തുന്ന ചില വാഹന ഉടമകൾ മൈലേജിൽ 20 മുതൽ 25 ശതമാനം വരെ കുറവുണ്ടായതായി പരാതിപ്പെട്ടിട്ടുണ്ട്. തുരുമ്പ് തടയുന്നതിനും എൻജിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ആന്റി കൊറോഷൻ ഏജന്റുകൾ ഉപയോഗിക്കാൻ ചില സർവീസ് സെന്ററുകൾ നിർദേശിക്കുന്നുണ്ട്.
എഥനോൾ കലർന്ന പെട്രോളിനെക്കുറിച്ചുള്ള പരാതികൾക്കിടെ കർണാടക സർക്കാർ 67 കേന്ദ്രങ്ങളിൽ നിന്ന് പെട്രോൾ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിട്ടുണ്ട്. അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തുന്നുവെന്ന പരാതിയെത്തുടർന്നാണ് നടപടി.
ഇന്ത്യയിലെ E20 പെട്രോളിൽ 80 ശതമാനം പെട്രോളും 20 ശതമാനം എഥനോളുമാണുള്ളത്. ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുന്നതിനും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കുന്നതിനുമാണ് എഥനോൾ മിശ്രണ പദ്ധതി നടപ്പാക്കുന്നത്. പുതിയ വാഹനങ്ങൾ E20 ഇന്ധനത്തിന് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്യുന്നുണ്ടെങ്കിലും പഴയ വാഹനങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടാകാം.
ബെംഗളൂരു സർവകലാശാലയിലെ രസതന്ത്ര വിഭാഗം മേധാവി പ്രൊഫ. കൃഷ്ണമൂർത്തിയുടെ അഭിപ്രായത്തിൽ, എൻജിൻ്റെ രൂപകൽപ്പനയും ഇന്ധനവുമായി പൊരുത്തപ്പെടാനുള്ള ശേഷിയുമാണ് പ്രധാന ഘടകങ്ങൾ. ഉയർന്ന എഥനോൾ സാന്ദ്രതയ്ക്ക് അനുയോജ്യമല്ലാത്ത എൻജിനുകളിൽ നോക്കിങ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് സ്പാർക്ക് പ്ലഗുകളെയും സിലിണ്ടറുകളെയും ബാധിച്ചേക്കാം. എന്നാൽ വാഹനങ്ങളിലെ എല്ലാ തകരാറുകൾക്കും കാരണം എഥനോൾ ആണെന്ന് ഉറപ്പിക്കാനാകില്ലെന്നും ഇന്ധനത്തിൻ്റെ ഗുണനിലവാരം, ഒക്ടേൻ റേറ്റിങ്, എൻജിൻ രൂപകൽപ്പന തുടങ്ങിയ ഘടകങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.