ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച മലയാളി താരം സഞ്ജു സാംസൺ ഐസിസിയുടെ മാർച്ച് മാസത്തിലെ മികച്ച താരത്തിനുള്ള അവാർഡ് പട്ടികയിൽ. സഞ്ജു സാംസൺ, സുപ്രീം പേസർ ജസ്പ്രിത് ബുംറ, ദക്ഷിണാഫ്രിക്കയുടെ കോണോർ എസ്റ്റർഹ്യുസൻ എന്നിവരാണ് പുരുഷ വിഭാഗം അവാർഡിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്.

ടി20 ലോകകപ്പിൽ സൂപ്പർ എട്ടിലെ അവസാന പോരാട്ടത്തിലും പിന്നാലെ സെമി, ഫൈനൽ പോരാട്ടങ്ങളിലും ഇന്ത്യൻ ജയത്തിൽ നിർണായകമായത് സഞ്ജുവിൻ്റെ കിടിലൻ ബാറ്റിങായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരെ 97 റൺസ് നേടി ഇന്ത്യയെ സെമിയിലേക്ക് നയിച്ച സഞ്ജു സെമിയിൽ ഇംഗ്ലണ്ടിനെതിരേയും ഫൈനലിൽ ന്യൂസിലൻഡിനെതിരേയും 89 റൺസ് വീതം നേടി.

ഇന്ത്യയുടെ കിരീട നേട്ടത്തിൽ പന്ത് കൊണ്ടു മികവ് കാണിക്കാൻ ബുംറയ്ക്കും സാധിച്ചിരുന്നു. ഫൈനലിലടക്കം ബുംറ മിന്നും ഫോമിലാണ് പന്തെറിഞ്ഞത്. സഞ്ജു തിളങ്ങിയ അവസാന മൂന്ന് മത്സരങ്ങളിൽ ബുംറയും നിർണായകമായി. താരം ഈ മൂന്ന് പോരാട്ടങ്ങളിൽ നിന്നു 7 വിക്കറ്റുകളാണ് വീഴ്ത്തിയത്. വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരെ 3 വിക്കറ്റെടുത്ത ബുംറ, ഫൈനലിൽ 4 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി ന്യൂസിലൻഡ് തകർച്ച അതിവേഗത്തിലാക്കി.

ന്യൂസിലൻഡിനെതിരായ ദക്ഷിണാഫ്രിക്കയുടെ ടി20 പരമ്പര നേട്ടമാണ് എസ്റ്റർഹ്യുസനെ പട്ടികയിലെത്തിച്ചത്. താരം പരമ്പരയിൽ 200 റൺസാണ് നേടിയത്. പരമ്പരയുടെ താരവും കോണോർ എസ്റ്റർഹ്യൂസനായിരുന്നു.

Related Posts