ഇസ്ലാമാബാദിൽ അമേരിക്ക-ഇറാൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമം നടത്തിയ അമേരിക്കൻ പടക്കപ്പൽ തിരിച്ചയച്ച് ഇറാൻ. ഹോർമുസിലെത്തിയ കപ്പൽ തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.
പിന്നാലെ അമേരിക്കൻ കപ്പൽ തിരിച്ചയച്ചെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഇറാന് വീണ്ടും ഭീഷണിയുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തി. ചർച്ച പരാജയപ്പെട്ടാൽ ഇറാന് മേൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിൽ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇറാൻ തകർന്നു കൊണ്ടിരിക്കുന്ന രാജ്യമാണ്.
അധികം വൈകാതെ ഇറാന്റെ ഭാവി എന്താണെന്ന് താൻ പറയാം. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും. സമാന്തരമായി മറ്റ് എണ്ണപ്പാതകൾ കൂടി വരുമെന്നും ട്രംപ് വിശദീകരിച്ചു. പടക്കപ്പലുകളിൽ അത്യാധുനിക ആയുധങ്ങൾ നിറയ്ക്കുകയാണെന്നും സമാധാനം ഉണ്ടായില്ലെങ്കിൽ അവ ഉപയോഗിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.