ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചതറിഞ്ഞ് അന്വേഷിക്കാൻ ട്രെയിനിൽ നിന്നും ഇറങ്ങിയ യാത്രക്കാരായ നാലുപേരെ എതിരെ വന്ന മറ്റൊരു ട്രെയിൻ ഇടിച്ചു മരിച്ചു. ഇന്നലെ വൈകുന്നേരം പച്ച്ദേവ്ര ഹാൾട്ട് ഓവർബ്രിഡ്ജിന് സമീപമാണ് സംഭവം. കൽക്ക എക്സ്പ്രസാണ് ആദ്യം മരണപ്പെട്ട വ്യക്തിയെ ഇടിച്ചത്. തുടർന്ന് ഈ ട്രെയിൻ ഇവിടെ പിടിച്ചിട്ടു.
ഇതിലെ ചില യാത്രക്കാർ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പാളത്തിലേക്ക് ചാടി ഇറങ്ങി. ഇതിനിടെ, എതിർ ദിശയിൽ മറ്റൊരു ട്രെയിൻ വരുന്നത് ശ്രദ്ധിക്കാത്തതാണ് അപകടത്തിനിടയാക്കിയത്. ഈ സമയം ഇതിലൂടെ കടന്നുവന്ന പുരുഷോത്തം എക്സ്പ്രസ് നാല് പേരെ ഇടിക്കുകയും സംഭവസ്ഥലത്ത് തന്നെ അവർ മരിക്കുകയും ചെയ്തു. ബിഹാറിലെ സിവാൻ സ്വദേശിയായ ബലിറാം ഭഗത്, മിർസാപൂരിലെ നീബി സ്വദേശിയായ സുനിൽ കുമാർ, ഫിറോസാബാദിലെ ഖൈർഗഢ് സ്വദേശിയായ ആകാശ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ അപകടത്തിൽ മരിച്ച മറ്റ് രണ്ട് യാത്രക്കാരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ട്രെയിനിന്റെ ജനറൽ കോച്ചുകളിൽ നിന്ന് യാത്രക്കാർ ഇറങ്ങി ട്രാക്കിൽ നിന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ (സിപിആർഒ) ശശികാന്ത് ത്രിപാഠി പറഞ്ഞു. അപകടത്തെ തുടർന്ന് ഹൗറ-ഡൽഹി റൂട്ടിലെ ഗതാഗതം തടസപ്പെട്ടു.