വർഷങ്ങളായി കിടപ്പിലായിരുന്ന വൃദ്ധയായ മാതാവിനെ മകൻ കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തി. ആർ.ആർ നഗർ സ്വദേശിനിയായ സാവിത്രിയമ്മ (75) ആണ് ക്രൂരമായ ഈ കൃത്യത്തിന് ഇരയായത്. സംഭവത്തിൽ ഇവരുടെ മകൻ വെങ്കിടേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ പത്ത് വർഷം മുൻപ് പിതാവ് മരിച്ചതിനെ തുടർന്ന് വെങ്കിടേഷാണ് അമ്മയെ സംരക്ഷിച്ചു പോന്നിരുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും മാനസിക തളർച്ചയുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ചികിത്സിച്ചിട്ടും അമ്മയുടെ ആരോഗ്യനിലയിൽ മാറ്റമുണ്ടാകാത്തതും സാമ്പത്തിക ബുദ്ധിമുട്ടുകളും ജീവിതം ദുസ്സഹമാക്കിയെന്നും ഇയാൾ മൊഴി നൽകി.
അഞ്ച് വർഷം മുൻപ് പക്ഷാഘാതം വന്ന് അമ്മ പൂർണ്ണമായും കിടപ്പിലാവുകയായിരുന്നു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന വെങ്കിടേഷ്, രോഗബാധിതയായ അമ്മയെ പരിചരിക്കുന്നതിനായി ജോലി ഉപേക്ഷിച്ചിരുന്നു. വെങ്കിടേഷിൻ്റെ ഭാര്യ സംഭവസമയത്ത് ജോലിക്ക് പോയിരിക്കുകയായിരുന്നു. ഒരു ക്ലിനിക്കിൽ സഹായിയായാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ഫ്ലാറ്റിൻ്റെ താഴത്തെ നിലയിൽ താമസിച്ചിരുന്ന വീട്ടുടമ വിക്രം കെട്ടിടത്തിന് പിന്നിൽ വലിയ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സാവിത്രിയമ്മയെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.